ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ മുരിക്കാശേരി സ്വദേശി വണ്ടൻമേട് പോലീസിന്റെ പിടിയിൽ
ലഹരി കടത്തു സംഘത്തിലെ പ്രധാനി വണ്ടൻമേട് പോലീസിന്റെ പിടിയിൽ.ഇടുക്കി മുരിക്കാശ്ശേരി സ്വദേശി പുളപ്പുകല്ലുങ്കൽ വീട്ടിൽ സന്തോഷ് ആണ് രണ്ട് കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും ഉൾപ്പടെ അറസ്റ്റിലായത്. ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തി വന്നിരുന്ന സന്തോഷിനെ വണ്ടൻമേട് പോലീസാണ് അറസ്റ്റ് ചെയ്തത്. വണ്ടൻമേട്ടിലും പരിസരപ്രദേശങ്ങളിലും സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ടായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം നാളുകളായി വാഹന പരിശോധനയും, കൂടാതെ സംശയമുള്ള ആളുകളെ നിരീക്ഷിക്കുകയും ചെയ്ത് വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി. ബേബിയുടെ മേൽനോട്ടത്തിൽ വണ്ടൻമേട് IP ഷൈൻ കുമാർ,SI മാരായ എബി പി ജോർജ്, വിനോദ് കുമാർ, SCPO മാരായ പ്രശാന്ത് കെ. മാത്യു, സതീഷ്, വിനീഷ് ടി വി , റിജോ മോൻ എന്നിവർ ചേർന്നാണ് മുരിക്കാശ്ശേരി സ്വദേശി പുളപ്പുകല്ലുങ്കൽ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസേർ കാറും പിടികൂടി. പ്രതിയെ നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ ആളുകൾ ഇയാളെ കഞ്ചാവ് കടത്താൻ സഹായിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടി കൂടുതലായി അന്വേഷണം നടത്തുമെന്ന് വണ്ടൻമേട് പോലീസ് അറിയിച്ചു..