ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ റോഡിൻ്റെ ഐറിഷ് ഓട പൊളിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളം - സ്റ്റേഡിയം പടി - മണിയാറൻകുടി റോഡിൻ്റെ ഒരു വശത്തേ ഐറിഷ് ഓട ജെ.സി.ബിയും, ബ്രേക്കറും ഉപയോഗിച്ച് പൊളിച്ചു നീക്കി. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാനാണ് റോഡ് പൊളിച്ചത്. കാലങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ത്രിതല പഞ്ചായത്തുകളും മന്ത്രിയും, എം.പി യും ഇടപെട്ട് തുക അനുവദിച്ചാണ് ടാറിംഗ് നടത്തിയത്. റോഡ് സഞ്ചാരയോഗ്യമായി ഏറെ താമസിയാതെ പൊളിച്ചു നീക്കിയത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.എം.പി ഫണ്ടിൽ നിന്നും തുക നീക്കിവെച്ച് റോഡിൻ്റെ ഇരുവശവും ഐറിഷ് ഓടയും നിർമ്മിച്ചിരുന്നു. എന്നാൽ 25 ലക്ഷത്തിലധികം രൂപ പൊതുഫണ്ട് മുടക്കി നിർമ്മിച്ച റോഡ് കുത്തി പൊളിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇരുമ്പ് പൈപ്പ് പുറമേ സ്ഥാപിച്ചാൽ എന്താണ് പ്രശ്നമെന്നുമാണ് നാട്ടുകാരുടെ ചോദ്യം. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള റോഡിൻ്റെ പൊളിച്ച ഭാഗം അടിയന്തിരമായി കോൺക്രീറ്റ് ചെയ്യണമെന്നും, ഇത് സംബന്ധിച്ച് ജില്ലാകളക്ടർക്കും , സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.