കേന്ദ്ര അവഗണനക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ഫെബ്രുവരി എട്ടിന് ഇടുക്കി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും വൈകിട്ട് നാലു മണി മുതല്‍ ആറു വരെ എൽ ഡി എഫ് ബഹുജന സദസ്സുകള്‍ സംഘടിപ്പിക്കും

കേന്ദ്ര അവഗണനക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹി ജന്ദര്‍മന്തറില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും വൈകിട്ട് നാലു മണി മുതല്‍ ആറു വരെ ബഹുജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ഇടുക്കി നിയോജക മണ്ഡലം എല്‍.ഡി.എഫ് നേതാക്കൾ വർത്താ സമ്മേളനത്തിൽ അറിയിച്ചു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം വാരിക്കോരി നല്‍കുമ്പോള്‍ ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം വെട്ടിച്ചുരുക്കി സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്.പത്താംധന കമ്മീഷന്‍ ശുപാര്‍ശയില്‍ 3.89 % മായിരുന്നു കേരളത്തിന്‍റെ വിഹിതമെങ്കില്‍ 14-ാം ധനകമ്മീഷനിലെത്തിയപ്പോള്‍ 2.5 % ആയും 15-ാം ധനകമ്മീഷനിലെത്തിയപ്പോള്‍ 1.9 % ആയി. ഈ ഇനത്തില്‍ മാത്രം കേരളത്തില്‍ വെട്ടിക്കുറച്ചത് 18000 കോടി രൂപയാണ്.
ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തിയ വകയില്‍ 12000 കോടിയുടെ കുറവ്, റെവന്യു കമ്മി നികത്തുന്ന ഗ്രാന്‍റില്‍ 8400 കോടിയുടെ കുറവ്, വായ്പാ അനുമതി നിഷേധിച്ച് 19600 കോടി ഇങ്ങനെ വരുമാനത്തില്‍ 57000 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ വര്‍ഷം വരുത്തിയിട്ടുള്ളത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ യോജിച്ച സമരം നടത്തണമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാക്കളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ പങ്കെടുക്കില്ലായെന്ന് അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് LDF നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, ജോസ് കുഴികണ്ടം, സി.എം. അസിസ് എന്നിവർ ചെറുതോണിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.