ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ മാരെയും ജീവനക്കാരേയും, നിയമിക്കണമെന്നും ആവശ്യമായ മരുന്നുകളെത്തിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിംഗ് പ്രസിഡന്‍റ് സാംജോര്‍ജ്ജ്

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ മാരെയും ജീവനക്കാരേയും, നിയമിക്കണമെന്നും ആവശ്യമായ മരുന്നുകളെത്തിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിംഗ് പ്രസിഡന്‍റ് സാംജോര്‍ജ്ജ് ചെറുതോണിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇടുക്കി മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ദിവസേന ആയിരത്തിലധികം രോഗികള്‍ മരുന്നുവാങ്ങാനെത്തിയിരുന്നു, 500-ല്‍ അധികം കിടപ്പുരോഗികളുമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജായതോടെ ഡോക്ടര്‍മാരില്ലത്തതിനാല്‍ ഇപ്പോള്‍ 500-ല്‍ താഴെ രോഗികളേ എത്തുന്നുള്ളൂ. 100-ല്‍ താഴെ കിടപ്പുരോഗികളേ നിലവിലുള്ളൂ. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനവും താളംതെറ്റിയിരിക്കുകയാണ്. പ്രധാന വകുപ്പുകളായ ഓര്‍ത്തോ, പീഡിയാട്രിക്, കാര്‍ഡിയോളജി വിഭാഗങ്ങള്‍ പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെയെത്തുന്ന രോഗികളെ തൊടുപുഴയിലേക്കും, കോട്ടയത്തിനും പറഞ്ഞു വിടുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും താലൂക്കാശുപത്രിയിലേക്ക് രോഗികളെ പറഞ്ഞു വിടുന്നത് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്നു മാത്രമാണെന്ന് സാംജോര്‍ജ്ജ് പറഞ്ഞു.മൂന്നാര്‍, രാജാക്കാട്, നെടുങ്കണ്ടം, കുമളി തുടങ്ങി ജില്ലയിടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആദിവാസികളും തോട്ടംതൊഴിലാളികളുമുള്‍പ്പെടെയുള്ള രോഗികളെത്തിയാല്‍ ഇവര്‍ക്കു ചികിത്സ നല്‍കാതെ മറ്റു സ്ഥലങ്ങളിലേക്ക് പറഞ്ഞു വിടുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിയന്തിരമായി ക്യാന്‍സര്‍, ഹൃദ്രോഗ ചികിത്സ ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിച്ച് സാധാരണ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മെഡിക്കല്‍ കോളേജ് പടിക്കല്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ സാം ജോര്‍ജ്ജ്, സിബിച്ചന്‍ മനക്കല്‍, ലാജി പ്ലാത്തോട്ടം, ബിനു പെരുമന എന്നിവർ അറിയിച്ചു.