കട്ടപ്പന പുളിയന്മലയിലെ ശബരിമല വിശ്രമ കേന്ദ്രത്തിൻ്റെയും സാനിട്ടറി കോംപ്ലക്സിൻ്റെയും നിർമ്മാണം നിലച്ചിട്ട് മൂന്നര വർഷം
വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാന സ്ഥാനമാണ് പുളിയന്മലക്കുള്ളത്. തേക്കടി, വാഗമൺ, മൂന്നാർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥലമാണിത്. എന്നാൽ ഇവിടെയെത്തുന്നവർക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെങ്കിൽ സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കണം. ഇതിന് പരിഹാരം കാണാനാണ് കട്ടപ്പന നഗരസഭയിലെ മുൻ ഭരണസമിതി പുളിയന്മല എൻ എം ആർ തോട്ടമുടമയിൽ നിന്നും ഭൂമി തരപ്പെടുത്തിയത്. ഇവിടെ ശൗചാലയം , ശബരിമല ഭക്തർക്കായി വിരിപ്പന്തൽ , പകൽവീട്, വയോമിത്രം എന്നിവക്കെല്ലാം ചേർത്ത് 1 കോടി രൂപയുടെ പദ്ധതിയും സമർപ്പിച്ചു. പ്രാരംഭ പ്രവർത്തനത്തിനായി മുനിസിപ്പാലിറ്റിയും ശുചിത്വ മിഷനും ചേർന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. രണ്ടാം വർഷം വീണ്ടും 10 ലക്ഷം രൂപ കൂടി അനുവദിച്ച് അതിന്റെയും നിർമ്മാണം പൂർത്തിയാക്കി. അപ്പോഴാണ് നാടിന്റെയും നാട്ടുകാരുടെയും പ്രതീക്ഷക്ക് മങ്ങലേൽപിച്ചു കൊണ്ട് സമീപത്തെ സ്വകാര്യ വ്യക്തി പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ നിർമ്മാണവും നിലച്ചു.
ശൗചാലത്തിന്റെയും വിരിപ്പന്തലിന്റെയും നിർമ്മാണം പൂർത്തിയായതുമാണ്. വൈദ്യുതിയും വെള്ളവുമെത്തിച്ചാൽ പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. എന്നാൽ സ്വകാര്യ വ്യക്തിയുടെ പരാതി പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.15-ാം വാർഡ് കൗൺസിലർ പദ്ധതി പൂർത്തീകരണത്തിന് ഫണ്ട് നീക്കിവെക്കുകയും പരാതി പരിഹരിക്കാൻ കൗൺസിലിന് കഴിയാതെ വരികയും ചെയ്തതോടെ ആ പണവും നഷ്ടമായതായാണ് ഉയരുന്ന ആരോപണം. സ്വകാര്യ വ്യക്തിയുമായുള്ള തർക്കം ഉടൻ പരിഹരിക്കുമെന്ന് പറഞ്ഞ മുൻ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൽ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു ചർച്ച പോലും ചെയ്യാൻ ശ്രമിച്ചില്ലന്നും ആരോപണമുണ്ട്. 35 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിപ്പൊക്കിയ പദ്ധതി സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ്. പരാതിക്കാരനുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കൗൺസിൽ നടപടി സ്വീകരിക്കുന്നില്ലന്നാണ് പരാതി ഉയരുന്നത്. ജനങ്ങളുടെ സ്വപ്ന പദ്ധതിക്കാണ് കുരുക്ക് വീണ് തുലാസിൽ ആയിരിക്കുന്നത്.