വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ചിയാർ അഞ്ചുരുളിയിൽ മാലിന്യ കൂമ്പാരം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് മേഖലയ്ക്ക് തിരിച്ചടി

പ്രകൃതി രമണീയത സഞ്ചാരികളെ മാടി വിളിക്കുന്ന പ്രദേശമാണ് കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി. എന്നാലിപ്പോൾ ഇവിടേക്കെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് മാലിന്യ കൂമ്പാരമാണ്. അഞ്ചുരുളിയിൽ വാഹനം നിർത്തിയിറങ്ങുന്ന സഞ്ചാരികൾ ആദ്യം കാണുന്നത് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നതാണ്. വാഹനം നിർത്തി ഇറങ്ങി തടാക കരയിലേയ്ക്ക് നടക്കുമ്പോഴും കാണുന്നത് വെയിസ്റ്റ് ബിന്ന് നിറഞ്ഞ് തുളുമ്പിക്കിടക്കുന്ന മാലിന്യമാണ്.അഞ്ചുരുളിയുടെ വിവിധ ഭാഗങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ ആരെയും നാണിപ്പിക്കും. ഇത് ഇവിടുത്തെ മനോഹാരിതക്കും ഭംഗം വരുത്തും.
അഞ്ചുരുളിയുടെ ഉടമസ്ഥരാര് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. പ്രദേശത്തിന്റെ പേരിൽ വനം വകുപ്പ് അവകാശ വാദം ഉന്നയിക്കുമ്പോൾ പഞ്ചായത്തിന് മാലിന്യം നീക്കം ചെയ്യാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഉടമസ്ഥാവകാശം മാത്രം മതി, വികസന പ്രവർത്തനങ്ങൾ ഒഴികെ മറ്റെല്ലാം പഞ്ചായത്ത് ചെയ്യണമെന്നാണ്വനം വകുപ്പിന്റെ വാദം. വിനോദ സഞ്ചാരത്തിനാവശ്യമായ നടപടി പഞ്ചായത്ത് സ്വീകരിച്ചാൽ തടസവുമായി വനം വകുപ്പ് രംഗത്ത് വരുന്നതും പതിവ് സംഭവമാണ് .മാലിന്യം കുമിഞ്ഞ് കൂടുന്നതിന് ഉത്തരവാദി പഞ്ചായത്താണെന്ന് വരുത്തി തീർക്കുകയും വിനോദ സഞ്ചാരത്തെ തകർക്കുകയുമാണ് വനം വകുപ്പിന്റെ ലഷ്യമെന്നാണ് ഉയരുന്ന ആരോപണം.