അടിമാലി - നത്തുകല്ല് റോഡ്;രണ്ടാം ഘട്ട വികസനത്തിന് 511.42 സെന്റ് സ്ഥലം ഏറ്റെടുക്കും. ഏറ്റെടുക്കുന്നത് നത്ത്കല്ല് മുതല്‍ കമ്പിളികണ്ടം വരെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
നത്തുകല്ല്- അടിമാലി റോഡിന്റെ രണ്ടാം ഘട്ട വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നത്തുകല്ല് മുതല്‍ കമ്പിളികണ്ടം വരെയുള്ള 511.42 സെന്റ് സ്ഥലമാകും റോഡിന് വീതി കൂട്ടുന്നതിനടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇടുക്കി ജില്ലാ കലക്ടര്‍ക്കാകും സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ ചുമതലയെന്നും മന്ത്രി അറിയിച്ചു. ഇരട്ടയാര്‍, വാത്തിക്കുടി, കൊന്നത്തടി വില്ലേജുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാകും സ്ഥലം ഏറ്റെടുക്കുക. ആദ്യ ഘട്ടം ജോലി പൂര്‍ത്തിയായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നത്. അടിമാലി നത്തുകല്ല് റോഡ്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെുടക്കുന്നതിന് നേരത്തേ 6.43 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്. റോഡുകള്‍ വീതികൂട്ടേണ്ടിവരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരുടേയും നീക്കം ചെയ്യേണ്ടി വരുന്ന കെട്ടിട ഉടമസ്ഥര്‍ക്കും നഷ്ടം നല്‍കുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഡി.പി.ആര്‍ പ്രകാരമുള്ള തുക റോഡ് നിര്‍മ്മാണത്തിനായി അനുവദിക്കും.