ഹർത്താലിനെ ചൊല്ലി ഇടുക്കിയിൽ ആരോപണ പ്രത്യാരോപണം. ഹർത്താലിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ്. ഗവർണറുടെ പരിപാടിയിൽ മാറ്റമില്ലെന്ന് വ്യാപാരികൾ
ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വെയ്ക്കാത്തതിനെതിരെയുള്ള എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ച് നാളെയാണ്. അന്നേദിവസം ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഹർത്താൽ പരിഹാസ്യമാണെന്നും പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന വ്യാപാരി വ്യവസായികൾക്ക് സംരക്ഷണം ഒരുക്കുമെന്നും ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു. ഗവർണർക്കെതിരെ ശക്തമായ സമരം തൊടുപുഴയിലും രാജ്ഭവനിലും ഉണ്ടാകുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. ഡീൻ കുര്യാക്കോസ് വാ പോയ കോടാലിയാണെന്നും സി.വി വർഗീസ് പരിഹസിച്ചു.
എന്നാൽ ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ പറഞ്ഞു.ഹർത്താൽ ദിനത്തിൽ കടകൾ അടച്ചിട്ട് സഹകരിക്കുക്കുമെന്ന് വ്യാപാരി വ്യവസായി വ്യക്തമാക്കി. എന്നാൽ ഗവർണറെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്ക് മാറ്റമില്ലെന്നും നേതാക്കൾ പറഞ്ഞു.എൽഡിഎഫിന്റെ ഹർത്താൽ ശബരിമല തീർത്ഥാടനം തടയുക എന്ന ലക്ഷ്യം വച്ചാണെന്നാണ് ബിജെപിയുടെ ആരോപണം. ഗവർണറെ തടയുവാൻ ശ്രമിച്ചാൽ സംരക്ഷണമൊരുക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാർ പറഞ്ഞു. പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നാന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇത് കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.