വനം വകുപ്പിന്റെ നിയമവിരുദ്ധ ഇടപെടൽ;മാങ്കുളം ഹർത്താൽ പൂർണ്ണം
മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിലെ പവലിയനില്‍ വനംവകുപ്പ് അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചും ജനപ്രതിനിധികളെ വനംവകുപ്പുദ്യോഗസ്ഥര്‍ ആക്രമിച്ചുവെന്നാരോപിച്ചും മാങ്കുളം ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.ജനകീയ സമിതി വിരിപാറ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
മാങ്കുളം ജനകീയ സമിതി മാങ്കുളത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. നിരത്തുകളും വിജനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ പണിക്കിറങ്ങിയില്ല. വിനോദ സഞ്ചാര മേഖല പാടെ സ്തംഭിച്ചു.ജനകീയ സമിതി വിരിപാറ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.ഡിഎഫ്ഒ ഓഫീസ് പരിസരത്ത് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. വന്‍ പോലീസ് സന്നാഹം ഡിഎഫ്ഒ ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.മാങ്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍, സാമുദായിക സംഘടനാ ഭാരവാഹികള്‍, മറ്റിതര കര്‍ഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.




