സ്നേഹാരാമം നിർമിച്ച് ഉപ്പുതറ സെൻ്റ് ഫിലോമിനാസ് എൻഎസ്എസ് യൂണിറ്റ്
മാലിന്യങ്ങൾ വലിച്ചെറിയുന്ന പൊതു ഇടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വൃത്തിയാക്കുകയും, സൗന്ദര്യവൽക്കരിച്ച്, അവിടങ്ങളിൽ തുടർന്ന് മാലിന്യം വലിച്ചെറിയാത്ത രീതിയിൽ മാറ്റിയെടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ നടപ്പിലാക്കുന്നത്.കേരള സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകളുടെ ഭാഗമായി ഇത്തരത്തിൽ സംസ്ഥാനതൊട്ടാകെ 1457 സ്നേഹാരാമങ്ങൾ ആണ് നിർമ്മിക്കപ്പെട്ടത് .
ഉപ്പുതറ സെൻ്റ് ഫിലോമിനാസ് എൻഎസ്എസ് യൂണിറ്റ് സ്നേഹാരാമം നിർമ്മിച്ചിരിക്കുന്നത് എട്ടാം വാർഡിൽ, വാഗമൺ റോഡ് സൈഡിൽ ഒറ്റമരം പാറ വ്യൂ പോയിൻറ് എന്ന മനോഹരമായ പ്രദേശത്ത് ആണ് .ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ പാറക്കെട്ട് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. ഏകദേശം കാൽ കിലോമീറ്റർ ദൂരം നീണ്ടു ചെരിഞ്ഞു കിടക്കുന്ന പാറക്കെട്ടിനു താഴെ, മനോഹരമായ ഒരു നീർച്ചാലും , വെള്ളച്ചാട്ടവും, എതിർവശത്ത് തേയിലത്തോട്ടം ഉൾക്കൊള്ളുന്ന മൊട്ട കുന്നും ഉണ്ട്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ പ്രദേശം സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും , ചില്ലു കുപ്പികളും, നിറഞ്ഞു വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഉപ്പുതറ പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ പ്രദേശം എൻഎസ്എസ് വോളണ്ടിയേഴ്സ് വൃത്തിയാക്കി, പാറക്കെട്ടിന്റെ വശത്തുള്ള കുറ്റിക്കാട് വെട്ടിത്തെളിച്ച്, മണ്ണിട്ട് നിരത്തി , മുള ബെഞ്ച് നിർമ്മിച്ചു, പൂച്ചെടികൾ വച്ചുപിടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മനോജ് എം ടി , ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് കെ ജേക്കബ്, വാർഡ് മെമ്പർ സജിമോൻ ടൈറ്റസ് എന്നിവരുടെ സാന്നിധ്യത്തിൽ , സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ച ദിവസം, സ്നേഹാരാമം നാടിന് സമർപ്പിച്ചു . കാലക്രമേണ കേരളത്തിൻ്റെ ടൂറിസം മാപ്പിൽ ഇടം പിടിക്കുന്ന ഒരു പ്രമുഖ സ്ഥലം ആക്കി ഒറ്റമരം പാറ വ്യൂ പോയിൻറ് മാറ്റിയെടുക്കാനാണ് ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി.