കട്ടപ്പന ഐ റ്റി ഐ ജംങ്ഷനിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം ബുദ്ധിമുട്ടിലായി വ്യാപാരികൾ

കട്ടപ്പന ഐ റ്റി ഐ ജംങ്ഷനിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം ബുദ്ധിമുട്ടിലായി വ്യാപാരികൾ.റോഡരുകിലൂടെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ച് കൃത്യമായി മണ്ണിട്ട് മൂടാത്തത് കാരണം കടകളിലേക്ക് കയറാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ കഴിയുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
കുട്ടിക്കാനം - പുളിയൻമല മലയോര ഹൈവേയുടെ നിർമ്മാണത്തിൻ്റെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുൻപ് റോഡരികിലൂടെ ഇടുക്കി കവല മുതൽ നരിയംപാറ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ ജല അതോറിറ്റി പുറത്തെടുത്തിരുന്നു.പിന്നീട് റോഡ് ടാറിംഗ് പൂർത്തിയായതോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും പെപ്പുകൾ കുഴിയെടുത്ത് സ്ഥാപിച്ചു തുടങ്ങിയത്.എന്നാൽ ഒരു മഴയോടെ മണ്ണിട്ട് മൂടിയ കുഴികൾ കിടങ്ങുകളായി മാറി. ഐ റ്റി ഐ ജംഗ്ഷനിലെ വ്യാപാരികളെയാണ് ജലഅതോറിറ്റിയുടെ അനാസ്ഥ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ പാർക്ക് ചെയ്ത രണ്ട് വാഹനങ്ങൾ കഴിഞ്ഞ ദിവസം ചെളിയിൽ പെട്ടിരുന്നു.
പൈപ്പിടുന്ന ജോലികൾ നടത്തുമ്പോൾ കരാർ തൊഴിലാളികൾ മാത്രമാണ് സൈറ്റിലുണ്ടാകാറുള്ളത്.പലരും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.ഇവർ, വേഗത്തിൽ പെപ്പ് സ്ഥാപിച്ച് പോകുന്നതല്ലാതെ മണ്ണിട്ട് കുഴികൾ ഉറപ്പിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.മണ്ണ് ഒഴുകി കിടങ്ങായി മാറിയ ഭാഗം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് ഐ റ്റി ഐ ജംഗ്ഷനിലെ വ്യാപാരികൾ ആവശ്യപ്പെടുന്നത്.