ദേശീയ ഗെയിംസിൽ ബാസ്ക്കറ്റ് ബോളിൽ സ്വർണ്ണം നേടി കാഞ്ചിയാർ സ്വദേശിനി ചിപ്പി മാത്യു

കാഞ്ചിയാർ കല്യാണത്തണ്ട് അരങ്ങത്ത് മാത്തുക്കുട്ടിയുടെയും ആൻസിയുടെയും മൂത്ത മകളാണ് ചിപ്പി. കഴിഞ്ഞ ദേശീയ ഗയിംസിൽ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ കേരളം സ്വർണ്ണം നേടിയപ്പോൾ ചിപ്പിയിലൂടെ അത് ഇടുക്കിയ്ക്കും അഭിമാനമായി മാറി. കഴിഞ്ഞ 14 വർഷത്തിനിടെ പല നേട്ടങ്ങളും ചിപ്പിയെ തേടിയെത്തി.2014ൽ കേരള ടീമിലെത്തിയ ചിപ്പി 2019 ൽ ടീം ക്യാപ്റ്റനായി. ഫെഡറേഷൻ കപ്പ്, സീനിയർ നാഷണൽസ് ,ഒടുവിൽ ദേശീയ ഗയിംസിൽ സ്വർണ്ണം, ഈ നേട്ടങ്ങളെല്ലാം കേരളം നേടിയപ്പോൾ ടീമിൽ ചിപ്പിയുമുണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 28 ന് ഗോവയിൽ വച്ച് നടന്ന ദേശീയ ഗയിംസിൽ കർണ്ണാടക ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം സ്വർണ്ണം കരസ്ഥമാക്കിയത്. തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ വച്ച് നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ചിപ്പി. നിലവിൽ കേരള പോലിസിൽ ഹവിൽദാറായി ജോലി ചെയ്യുന്ന ചിപ്പി തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.