പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കൂടുതൽ പരിശോധനകളുമായി കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവും

തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കൂടുതൽ പരിശോധനകളുമായി കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം. പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയ തൊഴുത്തിലും, കപ്പത്തൊലി എത്തിച്ച ഡ്രയർ യൂണിറ്റിലും സംഘം പരിശോധന നടത്തി. അതേ സമയം പശുക്കൾ ചത്തത് കപ്പത്തൊലിയിൽ നിന്നുള്ള സയനഡ് മൂലമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതായി ജില്ലാ വെറ്റിനറി അധികൃതർ പറഞ്ഞു.കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആർ. മുത്തു രാജിന്റെ നേതൃത്വത്തിലായിരുന്നു സംഘം വെള്ളിയാമറ്റത്തെ മാത്യൂവിന്റെ വീട്ടിൽ പരിശോധനക്കെത്തിയത്. തൊഴുത്തിലും കപ്പത്തൊലി എത്തിച്ച ഡ്രയർ യൂണിറ്റിലും സംഘമെത്തി. പശുക്കളുടെ വയറ്റിൽ ഇത്രയധികം അളവിൽ വിഷാംശം എത്തിയതെങ്ങനെയെന്ന് പരിശോധിക്കുമെന്നും കപ്പത്തൊലിയിലെ സയനൈഡ് തന്നയാണോ മരണകാരണമെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഡോ. ആർ. മുത്തു രാജ് പറഞ്ഞു.
അതേ സമയം താൻ പശുക്കൾക്ക് നൽകുന്ന അതേ കപ്പത്തൊലി തന്നെയാണ് മാത്യു ബെന്നിക്ക് നൽകി വന്നിരുന്നതെന്ന് ഡ്രയർ യൂണിറ്റ് ഉടമ വിദഗ്ദ്ധ സംഘത്തോട് പറഞ്ഞു.എന്നാൽ പശുക്കൾ ചത്തതിൽ ആശയ കുഴപ്പമില്ലെന്നും കപ്പത്തൊലിയിൽ നിന്നുള്ള സയനൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതാണെന്നും ജില്ലാ വെറ്റിനറി അധികൃതർ പറഞ്ഞു.പശുക്കൾക്ക് നൽകിയതിന്റെ ബാക്കിയും ഡ്രയർ യൂണിറ്റിൽ നിന്നുമുള്ള കപ്പത്തൊലിയുടെ സാമ്പിളും ശേഖരിച്ച ശേഷമാണ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ളവർ മടങ്ങിയത്.