ശാപമോക്ഷം തേടി കാഞ്ചിയാർ ലബ്ബക്കട വെള്ളിലാംകണ്ടം ബൈപാസ് റോഡ്; റോഡിന്റെ നവീകരണത്തിനായി കളക്ടറെ കാണാനൊരുങ്ങി നാട്ടുകാർ
ഏറെ നാളായി തകർന്നു കിടക്കുന്ന കാഞ്ചിയാർ ലബ്ബക്കട വെള്ളിലാംകണ്ടം ബൈപാസ് റോഡ് ഇന്ന് ആളുകൾക്ക് തലവേദന ആയി മാറിയിരിക്കുകയാണ്. ഒരു വർഷം മുൻപ് ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയതല്ലാതെ നാളിതുവരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും ഈ റോഡിൽ നടത്തിയിട്ടില്ല. നിലവിൽ റോഡ് പൂർണമായും തകർന്നു കോൺക്രീറ്റ് കമ്പികൾ വെളിയിൽ വന്ന അവസ്ഥയിലാണ് . ശബരിമല സീസൺ കൂടി ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ സഞ്ചാരവും വർദ്ധിച്ചിട്ടുണ്ട് . ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഗൂഗിൾ മാപ് നോക്കി വരുന്ന യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ കാണിക്കുന്ന വഴി കൂടിയാണിത്. അതുകൊണ്ടുതന്നെ വലിയ വാഹനങ്ങൾ അടക്കം ഈ വഴി വരുമ്പോൾ പെട്ടു പോകുന്ന അവസ്ഥയും ഉണ്ട് . കുത്തിറക്കം ഇറങ്ങി വരുന്ന ഭാഗത്താണ് നിലവിൽ കോൺക്രീറ്റ് കമ്പികൾ വെളിയിൽ വന്നു പൂർണ്ണമായും തകർന്ന അവസ്ഥയിൽ കിടക്കുന്നത് . അടിയന്തരമായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ