വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിയിൽ ഡ്രൈവർമാരുടെ പ്രതിഷേധം
ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിക്ക് സമീപം ഇന്നലെ വൈകുന്നേരം അയ്യപ്പഭക്തരുടെ വാഹനം നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ചുരക്കുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു.എന്നാൽ ആശുപത്രിയിൽ ഡോക്ടർ ഇല്ല എന്ന കാരണം പറഞ്ഞ് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ ചുരക്കുളം സാമൂഹിക രോഗികേന്ദ്രത്തിൽ പ്രതിഷേധവുമായി എത്തിയത്. ശബരിമല മണ്ഡലകാലത്ത് ഡോക്ടർമാരുടെ സേവനം വണ്ടിപ്പെരിയാർ ചുരക്കുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടാവണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം ഉണ്ടായിട്ടും ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാവാത്തത് ഏറെ പ്രതിഷേധകരമാണെന്നും ഡോക്ടറുടെ സേവനം ഇല്ലെങ്കിൽ ഇത് എഴുതിവെച്ച് ആശുപത്രി അടച്ചിടേണ്ടതാണെന്നും പൊതുപ്രവർത്തകർ പറഞ്ഞു
വണ്ടിപ്പെരിയാർ ചുരക്കുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽനാല് ഡോക്ടർമാരുടെ സേവനമാണ് ഉള്ളത്. ഇതിൽ രണ്ടുപേർ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.മറ്റ് രണ്ടുപേർക്ക് വൈകുന്നേരങ്ങളിൽ ഡ്യൂട്ടി നൽകിയിട്ടുണ്ട്.പകൽ സമയങ്ങളിലും മറ്റും ഉള്ള അടിയന്തരഘട്ടങ്ങളിൽ ജോലി ചെയ്യേണ്ട അവസ്ഥ കാരണമാണ് ചില ദിവസങ്ങളിൽ ഡോക്ടറുടെ സേവനം വൈകുന്നേരങ്ങളിൽ ലഭ്യമല്ലാത്തതെന്ന് മെഡിക്കൽ ഓഫീസർ വേങ്കടലക്ഷ്‌മി അറിയിച്ചു.
ശബരിമല മണ്ഡലകാലത്ത് എല്ലാവർഷവും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നതാണ്. ഇതിനായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു. എന്നാൽ ഈ വർഷം ഇത് ഉണ്ടായിട്ടില്ല എന്നും ഇതുപോലെ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ വൈകുന്നേരവും രാത്രികാലങ്ങളിലും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുവാൻ ഉടൻ നടപടി ഉണ്ടാകണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു.