തോപ്രാംകുടിയിൽ സാമൂഹ്യവിരുദ്ധർ കുരുമുളക് ചെടികൾ വെട്ടി നശിപ്പിച്ചു
തോപ്രാംകുടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുരുമുളക് ചെടികൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചതായി കണ്ടെത്തി. തോപ്രാംകുടി അമല ജംഷനു സമീപം ആനത്താനത്ത് സിബിജോസഫിന്റെ തോട്ടത്തിലാണ് സാമൂഹ്യ വിരുദ്ധർ അക്രമം അഴിച്ചുവിട്ടത്. ചെടികൾക്ക് എട്ടുവർഷത്തോളം പഴക്കമുണ്ട്. വിളവെടുക്കാറായ നാൽപ്പതോളം ചെടികളാണ് വെട്ടി നശിപ്പിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ തന്നെ ഏറ്റവും ആദായം ലഭിച്ചിരുന്ന മാതൃകാ കുരുമുളക് തോട്ടമായിരുന്നു ഇത്. ചിട്ടയായ പരിപാലനത്തിലൂടെ നല്ല വിളവു ലഭിച്ചിരുന്ന പന്നിയൂർ , കരിമുണ്ട ഇനങ്ങളിൽപെട്ട കുരുമുളകു ചെടികളാണ് തോട്ടത്തിലുള്ളത്. ചെടികളുടെ ഇലകൾ വാടിയത് ശ്രദ്ധയിൽപെട്ട് പരിശോധന നടത്തിയപ്പോഴാണ് കുരുമുളക് ചെടികളുടെ തണ്ടുകൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തിയത്.
കുരുമുളക് ദീർഘകാല വിളകൾ ആയതിനാൽ വിലമതിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകനായ സിബി ജോസഫ് പറഞ്ഞു. മുരിക്കാശ്ശേരി പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. സമൂഹത്തിൽ മറ്റാരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത സിബിയോടും കുടുംബത്തോടും ചെയ്ത ക്രൂരത നീതീകരിക്കാനാ വില്ലെന്നും, അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും പൊതു പ്രവർത്തകർ ആവശ്യപ്പെട്ടു.