'സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം'; അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ
മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ച് സജി ചെറിയാന്‍ വിശദീകരണം നൽകണമെന്നും മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കിസജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ പ്രതികരിച്ചു. സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ല. ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാക്കോബായ സഭയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്. മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ഔദ്യോഗിക തലത്തിൽ മാർഗ്ഗങ്ങളുണ്ട്. സഭകളുടെ കൂട്ടായ്മ ഇക്കാര്യം നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിരുന്നിൽ പങ്കെടുത്ത രണ്ട് ബിഷപ്പുമാർ മണിപ്പൂർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തുവെന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു.