കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ജനുവരി എട്ടിന്; ആരാകും വൈസ് ചെയർമാൻ...?
കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് എട്ടിന് നടക്കും. മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. 8 ന് രാവിലെ 11ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നാർ സ്‌പെഷൽ ഡെപ്യൂട്ടി കലക്ടർ കെ.പി.ദീപയാണ് വരണാധികാരി. 3 വർഷം കോൺഗ്രസിലെ എ വിഭാഗത്തിനും തുടർന്നുള്ള 2 വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ പദവി നൽകാനാണ് യുഡിഎഫ് ധാരണ. ഇതുപ്രകാരം വൈസ് ചെയർമാനായ ജോയി വെട്ടിക്കുഴി ചുമതലയേറ്റെങ്കിലും വൈകാതെ രാജിവച്ചതോടെ ജോയി ആനിത്തോട്ടം പദവിയിലെത്തുകയും എ വിഭാഗത്തിനുള്ള മൂന്നുവർഷം പൂർത്തിയാക്കുകയും ചെയ്തതോടെ രാജിവച്ചിരുന്നു. ഇതേതുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഐ ഗ്രൂപ്പിനാണ് എന്നതിൽ ധാരണയായിട്ടുണ്ട്. എന്നാൽ ആര് വൈസ് ചെയർമാൻ ആകണം എന്ന കാര്യത്തിൽ ഐ ഗ്രൂപ്പിനുള്ളിൽ ഭിന്നത നിലനിൽക്കുകയാണ്. മുൻ ചെയർമാൻ ജോണി കുളം പള്ളി, കെ ജെ ബെന്നി ,മനോജ് മുരളി എന്നിവരാണ് പരിഗണനയിൽ . നഗരസഭാ ചെയർമാനായിരുന്ന ജോണി കുളംപള്ളി വൈസ് ചെയർമാൻ ആകുന്നത് ശരിയല്ല എന്ന് അഭിപ്രായം ഗ്രൂപ്പിൽ ശക്തമാണ്.