ജാമ്യക്കാരൻ കോടതിയുടെ പരിധിയില്‍ താമസിക്കുന്നവരാകണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈക്കോടതി
ക്രിമിനല്‍ കേസുകളില്‍ പ്രതിക്ക് ജാമ്യം നില്‍ക്കുന്നവര്‍ കേസ് പരിഗണിക്കുന്ന കോടതിയുടെ പരിധിയില്‍ താമസിക്കുന്നവരാകണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈക്കോടതി.ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാൻ സുപ്രീംകോടതി നിര്‍ദേശമുണ്ടെന്നും കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസില്‍ ഇടുക്കിയില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശിക്ക് ഇടുക്കി ജില്ലയില്‍നിന്നുള്ള ജാമ്യക്കാര്‍തന്നെ വേണമെന്ന തൊടുപുഴ എൻ.ഡി.പി.എസ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാള്‍ സ്വദേശിയായ അബേദൂര്‍ ഷേക്കിന് ലഹരിമരുന്ന് കേസില്‍ 2020ല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ജൂലൈയില്‍ വീണ്ടും അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യം അനുവദിച്ചപ്പോള്‍ ഇടുക്കി ജില്ലയില്‍നിന്നുള്ള ജാമ്യക്കാരൻ വേണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.