ഇടുക്കി -ചെറുതോണി ഡാമുകളില്‍ ഡിസംബര്‍ 31 വരെ സന്ദര്‍ശനാനുമതി : മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി -ചെറുതോണി ഡാമുകളില്‍ ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് മന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധമാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് പാസ് അനുവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഡാമിന്‍റെ സുരക്ഷ ഭീഷണി നിലനിന്നിരുന്നതിനാല്‍ ഏതാനും മാസങ്ങളായി ഡാമില്‍ സന്ദര്‍ശന അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ റോഷി അഗസ്റ്റിന്‍റെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഡാം സേഫ്റ്റിയുടെയും ജില്ലാ പോലീസ് അധികാരിയുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ക്രിസ്തുമസ്-പുതുവത്സര വേളയില്‍ ഇടുക്കിയിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ ഭൂപ്രകൃതിയും പരിഗണിച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു.