മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും ഉയർന്നു. അണക്കെട്ട് ഇന്ന് തുറക്കും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കും. സെക്കന്‍റിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം പെരിയാറിൽ വെളളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.138.5 അടിക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. 1867 ഘനയടി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്‍റിൽ 3033 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാൽ 2,000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്ന വെള്ളം കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്‍റെ തീരുമാനം. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
ഇന്നലെ രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയർന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ഇന്നലെ വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായിരുന്നു. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്നാട് നൽകി.