ശബരിമല തീർത്ഥാടകരെ പരിഭ്രാന്തരാക്കാൻ യു ഡി എഫ് ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല തീർത്ഥാടകരെ പരിഭ്രാന്തരാക്കാൻ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിപ്പെരിയാറിൽ പറഞ്ഞു.സർക്കാരിനെ നേരിടാൻ ശബരിമലയെ തെറ്റായി ഉപയോഗിക്കരുത്. അത് തീർത്ഥാടനത്തിനും സംസ്ഥാനത്തിനും തെറ്റായ സന്ദേശം നൽകും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ള യോഗങ്ങൾ മുൻകൂട്ടി നടത്തിയിരുന്നു.ശബരിമലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ഇടപെടുന്നില്ല എന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നില്ല എന്നും തെറ്റായ പ്രചരണം അഴിച്ചുവിട്ടു.ഇത് കോൺഗ്രസിൻ്റെ പ്രത്യേക അജണ്ടയാണ്.ഇതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ഒരു ഏജൻസിയാണ് പഠിപ്പിക്കുന്നത്.ആ ഉപദേശം സ്വീകരിച്ചു കൊണ്ടാണ് ശബരിമല വിഷയത്തിൽ ഇത്തരം പ്രചരണം അഴിച്ചുവിടുന്നത്.പോലീസ് സേനയെ ശബരിമലയിൽ കാണാനില്ലെന്നാണ് മറ്റൊരു പ്രചരണം. 2019-20 കാലത്ത് 11,425 പൊലീസുകാരാണ് ശബരിമല ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്.
ഈ വർഷം 16,118 പൊലീസുകാരെ നിയോഗിച്ചു.നവകേരള സദസിന് പോലീസുകാരെ എല്ലാം നിയോഗിച്ചുവെന്നാണ് തെറ്റായ പ്രചരണം നടത്തുന്നത്.
രാഷ്ട്രീയ വിരോധം കൊണ്ടുണ്ടായ അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളത്തിൻ്റെ ശബ്ദം പാർലമെൻ്റിൽ വേണ്ടത്ര ഉയരാത്ത കാലമാണ് 2019 മുതലുള്ള കാലം. യുഡിഎഫിന്റെ 18 എംപിമാരും നിശബ്ദത പാലിക്കുന്നു. ഇടതുപക്ഷത്തിന് വേണ്ടത്ര എംപിമാർ ഇല്ലാതായപ്പോൾ കേരളത്തിൻ്റെ തനിമ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.