ഇടുക്കി കൊച്ചുകരിമ്പൻ സിഎസ്ഐ പള്ളിക്കുന്ന് റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ റിലേ നിരാഹാര സമരം ആരംഭിച്ചു
അരനൂറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന ഇടുക്കി കൊച്ചുകരിമ്പൻ സി എസ്.ഐ പള്ളിക്കുന്ന് റോഡിന്റെ നിർമ്മാണത്തിനായി നാട്ടുകാർ നിരവധി തവണ ജനപ്രതിനിധികളെയും മറ്റ് ഗവൺമെന്റ് അധികൃതരെയും സമീപിച്ചിരുന്നു. പ്രദേശത്തെ ഇരുനൂറ്റൻപതോളം കുടുംബങ്ങളുടെ ആവശ്യം പരിഗണിക്കാതെ മരിയാപുരം ഗ്രാമപഞ്ചായത്ത് പോലും ജനങ്ങളെ അവഗണിച്ച സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് മുതൽ സമരസമിതിയുടെ നേതൃത്വത്തിൽ കൊച്ചു കരിമ്പനിൽ റിലേ നിരാഹാര സമരം ആരംഭിച്ചത്. പെൻഷൻ വിഷയത്തിൽ വേറിട്ട സമരമാർഗ്ഗം സ്വീകരിച്ച അടിമാലിയിലെ മറിയക്കുട്ടി ചാക്കോ നിരാഹാരം സമരം നയിക്കുന്ന സി.ഒ ജിയോയെ മാലയിട്ട് സ്വീകരിച്ചുകൊണ്ട് സമരം ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത മീഡിയ കോ - ഓർഡിനേറ്റർ ഫാ. ജിൻസ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി.ജനകീയ സമരം തികച്ചും സമാധാനപരമാണെന്നും , വ്യക്തിഹത്യയിലൂടെയോ തെറ്റിദ്ധാരണ പരത്തിയോ സമരത്തെ തകർക്കാനാവില്ലന്നും, ഏഴ് പതിറ്റാണ്ടായി അധിവസിക്കുന്ന ഒരു ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ സമരമെന്നും ഫാ. ജിൻസ് കാരക്കാട് പറഞ്ഞു.
ആദ്യദിവസത്തെ നിരാഹാര സമരം അനുഷ്ഠിക്കുന്ന ജിയോ സി ഒ , സമര സമിതിയുടെ മറ്റ് നേതാക്കളായ സാബു രാഗധാര , ഷിബി യോഹന്നാൻ , പാസ്റ്റർ പോൾ പൂങ്കുടി, പാസ്റ്റർ ജോസഫ് , ജസീനബാബു, ലെനിമോൾ സാമുവൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.