ഇടുക്കി ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങളിലെ വിധികർത്തകൾക്കെതിരെ ആരോപണവുമായി രക്ഷിതാക്കളും മത്സരാർത്ഥികളും രംഗത്ത്
ഇടുക്കി ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങളിലെ വിധികർത്തകൾക്കെതിരെ ആരോപണവുമായി രക്ഷിതാക്കളും മത്സരാർത്ഥികളും രംഗത്ത്. ഇന്നലെയും ഇന്നുമായി നടന്ന ഭരതനാട്യം, നാടോടി നൃത്തം തിരുവാതിര എന്നി ഇനങ്ങളിൽ വിധികർത്താക്കൾ അർഹതപ്പെട്ടവരെ തഴഞ്ഞു എന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇടുക്കി ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങൾക് വിധികർത്താക്കളായി എത്തിയവർക്കെതിരെ ഗുരുതര ആരോപണമാണ് മത്സരാർഥിയും രക്ഷിതാവും ഉന്നയിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ മത്സരാർഥിയാണ് പരാതിക്കാരി. ചൊവ്വാഴ്ച്ച നടന്ന ഭരതനാട്യ മത്സരത്തിലും ഇന്നലെ നടന്ന നാടോടി നൃത്തത്തിലും വിധി നിർണ്ണയത്തിൽ കൃത്യമം കാണിച്ചു എന്നാണ് പരാതി. അർഹരായ മത്സരാർഥികളെ തഴഞ്ഞ ഇടുക്കി ജില്ലയിലെ പ്രമുഖനായ ഒരു നൃത്താധ്യാപകന്റെ കീഴിൽ പഠിച്ച വിദ്യാർഥികൾക്ക് ഒന്നും രണ്ടും സ്ഥാനം നൽകി എന്നാണ് ആക്ഷേപം.ചൊവ്വാഴ്ച്ച മത്സരശേഷം രാത്രി നൃത്ത ഇനങ്ങൾക്ക് വിധി കർത്താവായിരുന്ന ഒരാൾ റിസൾട്ടിൽ കൃത്രിമം കാണിച്ച വിവരം ഫോണിലൂടെ മറ്റൊരാളെ അറിയിക്കുന്നതും പ്രതിഫലം ആവശ്യപ്പെടുന്നതും കേട്ടു എന്നും രക്ഷിതാവ് ആരോപിക്കുന്നു.
നൃത്ത ഇനങ്ങളിൽ മിക്ക വിധികർത്തക്കളെയും ഈ നൃത്ത അധ്യാപകൻ സ്വാധീനിച്ചിട്ടുണ്ടെന്നും മത്സരങ്ങളിൽ ഇതെ അധ്യാപകന്റെ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മാറി മാറി ലഭിക്കുന്നു എന്നും ആരോപണമുണ്ട്. വരുന്ന മത്സരങ്ങളിലെങ്കിലും ഇത് തടയണമെന്നും, രഹസ്യ പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.