ഇടുക്കി വണ്ടിപ്പെരിയാർ കള്ളനോട്ട് കേസ് ; ചെന്നൈ വടപളനി സ്വദേശിയായ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
വണ്ടിപ്പെരിയാറ്റിൽ അന്തർ സംസ്ഥാന കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കള്ളനോട്ട് നിര്‍മിച്ച പ്രസ് ഉടമ ചെന്നൈ വടപളനി സ്വദേശി കാര്‍ത്തികേയന്‍ രാമദാസിനെയാണ് വണ്ടിപെരിയാര്‍ പൊലീസ് തമിഴ്‌നാട് പൊലീസില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് .
നോട്ടിരട്ടിപ്പെന്ന പേരിൽ കള്ളനോട്ട് വിതരണം ചെയ്‌ത സംഘമാണ് വണ്ടിപ്പെരിയാറ്റിൽ നിന്നും അഞ്ച് മാസം മുമ്പ് പിടിയിലായത്. അണക്കര പാമ്പുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ്, ഡൈമുക്ക് സ്വദേശി സബിന്‍ ജേക്കബ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചശേഷം സബിന്‍ 3,000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നു. പമ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സബിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തി.
ചെന്നൈയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്ന് സബിന്‍ മൊഴി നല്‍കി. രാജേഷ് മുഖേനയാണ് സബിന്‍ തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തികേയന്‍ രാമദാസിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കള്ളനോട്ട് ഇടപാട് നടത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിനാല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.