റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

കട്ടപ്പന: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍, ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ആര്‍. വിജയ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. കാല്‍വരി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സബിന്‍ സ്‌കറിയ വരച്ച ലോഗോയാണ് 34-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഔദ്യോഗിക ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത്.
കലോത്സവത്തിന്റെ പ്രചരണാര്‍ഥം പുറത്തിറക്കിയ വീഡിയോയും നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ റിലീസ് ചെയ്തു. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍ തുടങ്ങിയ വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏഴു സബ്ജില്ലകളില്‍ നിന്നായി 4000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ചേര്‍ന്ന് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തിയതായി ഡി.ഡി. ആര്‍. വിജയ, നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ജോസഫ് മാത്യു, സിബിച്ചന്‍ തോമസ്, ആനന്ദ് ടോം, ഷൈന്‍ ജോസ്, കെ.വി. സിജോ, ടോണി ജോസഫ്, എന്‍.ജെ. ബേസില്‍, ദീപു ജേക്കബ് എന്നിവര്‍ പറഞ്ഞു.