ഇടുക്കി നെടുംകണ്ടത്ത് പൂട്ടിക്കിടന്നിരുന്ന റിസോർട്ടിലെ ഉപകരണങ്ങൾ മോഷ്‌ടിച്ച സംഭവം ; പ്രതികൾ പിടിയിൽ

ഇടുക്കി നെടുംകണ്ടത്ത് പൂട്ടിക്കിടന്നിരുന്ന റിസോർട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ അപഹരിച്ച മോഷ്ടാക്കളെ പൊലീസ് പിടികൂടി. മോഷ്‌ടാക്കൾ അപഹരിച്ചു ലോറിയിൽ കടത്തിയ തൊണ്ടി വസ്തുക്കൾ ലോറിയിൽ തന്നെ പൊലീസ് തിരിച്ചെത്തിച്ചു. നെടുംകണ്ടം കോമ്പമുക്ക് സിയോൺ റിസോർട്ടിലാണ് കഴിഞ്ഞ മാസം വൻ മോഷണം നടന്നത്.റിസോർട്ട് ജീവനക്കാരായിരുന്ന മല്ലപ്പള്ളി സ്വദേശികളായ സഞ്ജു, ജസ്‌റ്റിൻ എന്നിവരാണ് നെടുംകണ്ടം പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മാസമാണ് പൂട്ടിക്കിടന്നിരുന്ന റിസോർട്ട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഇവർ മോഷ്‌ടിച്ചത്. മോഷണത്തിനുപയോഗിച്ച വാഹനവും ഉപകരണങ്ങളും മറ്റ് ജില്ലകളിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മൂന്ന് മാസമായി അടഞ്ഞു കിടന്ന റിസോർട്ട് വീണ്ടും തുറക്കുന്നതിന് ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളിൽ ഉണ്ടായിരുന്ന ടിവികൾ, ഫ്രിഡ്‌ജ്, റെസ്റ്റോറന്റിലുണ്ടായിരുന്ന അൽഫാം മിഷൻ എന്നിവയടക്കം ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് മോഷ്‌ടിച്ചു കടത്തിയത്. റിസോർട്ടിലെ സിസിടിവി ഓഫ് ചെയ്ത് ഹാർഡ് ഡിസ്‌കും മോഷ്ടാക്കൾ കൈക്കലാക്കിയിരുന്നു.