അയ്യപ്പൻകോവിൽ തൂക്കുപാലത്ത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന ശൗചാലയത്തിന്റെ നിർമാണം ഡാം സേഫ്റ്റി അതോറിറ്റി തടഞ്ഞു

അയ്യപ്പൻ കോവിൽ തൂക്കുപാലത്ത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തു നിർമിക്കുന്ന ശൗചാലയത്തിന്റെ നിർമാണം ഡാം സേഫ്റ്റി അതോരിറ്റി തടഞ്ഞു. എന്നാൽ ഡാം സേഫ്റ്റി അതോരിറ്റി നേരിട്ട് സ്റ്റോപ് മെമ്മോ നൽകിയിട്ടില്ല. പകരം, ഭൂമിയിൽ അതിക്രമിച്ചു കയറിയെന്നു കാട്ടി ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു. .പോലീസിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെ കരാറുകാരൻ പണി നിർത്തിവച്ചു. രണ്ടാം തവണയാണ് ഡാം സേഫ്റ്റി അതോരിറ്റി ശൗചാലയ നിർമാണം തടയുന്നത്.
2019 ൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ നിർമാണം ഡാം സേഫ്റ്റി അതോരിറ്റി തടഞ്ഞു. തുടർന്ന് ജില്ലാ വികസന കമ്മീഷണർ ആയിരുന്ന അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ സമ്മർദ്ദവും ശക്തമായതോടെ കളക്ടർ ഇടപെട്ടു. കളക്ടറുടെ നിർദ്ദേശ പ്രകാരം താലൂക്ക് , വില്ലേജ് അധികൃതർ അളന്നു തിട്ടപ്പെടുത്തി ശൗചാലയം പണിയാൻ ഭൂമി വിട്ടു നൽകി.
ഇതിനു ശേഷമാണ് വിശ്രമമുറിയടക്കം ശൗചാലയം പണിയാൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നടപടി തുടങ്ങിയത്. ശുചിത്വ മിഷന്റെ സഹായത്തോടെ 30 ലക്ഷം രൂപ വകയിരുത്തി , ടെൻഡർ ക്ഷണിച്ച് കരാർ നൽകി. ഈ സമയത്തൊന്നും ഒരെതിർപ്പും ഡാം സേഫ്റ്റി അറിയിച്ചില്ല. അടിത്തറ പൂർത്തിയാക്കി തൂണുകളുടെ
നിർമാണം പാതിവഴിയിൽ എത്തിയപ്പോഴാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കരാറുകാരന് ഇതിനോടകം 10 ലക്ഷത്തോളം രൂപ ചിലവുണ്ട്.ഇടുക്കി റിസർവോയറിന് കുറുകെ 2012-13ൽ രണ്ടു കോടി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് റിവർ മാനേജ്മെന്റാണ് അയ്യപ്പൻ കോവിലിൽ തൂക്കുപാലം നിർമ്മിച്ചത്.
തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ ദൂരക്കാഴ്ച ആസ്വദിക്കാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാൽ പ്രാഥമീക കാര്യങ്ങൾ നിർവ്വഹിക്കാൻ ഇവിടെ ഒരു സൗകര്യവുമില്ല. മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാനും ഇടമില്ല.
ഇതെല്ലാം പരിഗണിച്ചാണ് വിശ്രമ സൗകര്യത്തോടു കൂടി ശൗചാലയം പണിയാൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തു മുൻകൈയെടുത്ത ത്. ശൗചാലയം പണിയാൻ കളക്ടറാണ് ഭൂമി അനുവദിച്ചതെന്നും, തടസം പരിഹരിക്കാൻ തിങ്കളാഴ്ച കളക്ടറെ നേരിൽ കാണുമെന്നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി .മനോജ് പറഞ്ഞു.