വണ്ടിപ്പെരിയാർ സത്രം മേഖലയിൽ വിനോദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങളുടെ അമിത വേഗത പ്രദേശ വാസികൾക്ക് ഭീഷണിയാവുന്നതായി പരാതി
കുമളിയിൽ നിന്നും വണ്ടിപ്പെരിയാർ സത്രം മേഖലയിലേക്ക് വിനോദസഞ്ചാരികളുമായെത്തുന്ന വാഹനങ്ങളുടെ അമിത വേഗത പ്രദേശവാസികളുടെ ജീവന് ഭീഷണിയാവുന്നതായാണ് പ്രദേശവാസികൾ പരാതി അറിയിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ അരക്കൽ AVG കോളനി നിവാസിയായ ശെൽവകുമാറിന്റെ വളർത്തുനായയെ കഴിഞ്ഞ ദിവസം അമിത വേഗതയിലെത്തിയ ജീപ്പ് ഇടിച്ചതുമുലം നായക്ക് ജീവൻ നഷ്ടമായിരുന്നു.
ശനിയാഴ്ച്ച വൈകുന്നേരം ശെൽവകുമാറിന്റെ മകനൊപ്പം റോഡിലൂടെ നടന്നു പോയ വളർത്തുനായയെ അമിത വേഗതയിലെത്തിയ ജീപ്പ് ഇടിക്കുകയും തുടർന്ന് പരിക്കേറ്റ് കിടന്ന നായ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. തമിഴ്നാട്ടിൽ നിന്നും 8000 രൂപ മുടക്കി വാങ്ങി ഓമനിച്ചു വളർത്തി വന്നിരുന്ന ചിപ്പിപ്പാറ ഇനത്തിൽ പെട്ട ബ്ലാക്കിനായക്കാണ് ജീവൻ നഷ്ടപെട്ടത്.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം അമിത വേഗതയിലെത്തിയ ജീപ്പ് ഇടിച്ച് പ്രദേശവാസിയായ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ 2 വളർത്തു കോഴികളും ജീപ്പ് ഇടിച്ച് ചത്തിരുന്നതായും പ്രദേശ വാസികൾ പറയുന്നു.സത്രം മേഖലയിലേക്ക് വിനോ ദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങളുടെ അമിത വേഗതമൂലമുള്ള പരാതികൾ വ്യാപക മായി ഉയർന്നതോടു കൂടി അമിത വേഗത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തംഗം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ഇതിലും ജനങ്ങളുടെ നിരവധി പ്രതികരണങ്ങ ളാണുണ്ടായത്. കുമളിയിൽ നിന്നുംസത്രം മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ തിരികെ എത്തിച്ച് പരമാവധി ട്രിപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യമാണ് ജീപ്പുകളുടെ അമിത വേഗതയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.
അടിയന്തിരമായി മോട്ടോർ വാഹനവകുപ്പും പോലീസും മേഖലയിൽ പരിശോധനകൾ ശക്തമാക്കി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുൻപോട്ട് വയ്ക്കുന്നത്.