അടിമാലി സബ് ജില്ലാ കലോത്സവം; 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
അടിമാലി: അടിമാലി സബ് ജില്ലാ കലോത്സവം 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. നവംബര്‍ 14, 15, 16 തീയതികളിലായി അടിമാലി എസ്എന്‍ഡിപി സ്‌കൂളിലെ വിവിധ വേദകളിലായിട്ടാണ് കലോല്‍സവം നടക്കുന്നത്. 87 സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തിലധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കും.
കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജ രക്ഷാധികാരിയായ സ്വാഗത സംഘം നിലവില്‍ വന്നു. സ്വാഗത സംഘം ചെയര്‍മാനായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജനറല്‍ കണ്‍വീനറായി അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.റ്റി സാബു, ജോയിന്റ് ജനറൽ കൺവീനറായി എസ്എൻ ഡി പി ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ദീപാ നാരായണൻ , ട്രഷറര്‍ ആയി അടിമാലി അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മ ജോര്‍ജ്, പ്രോഗ്രാം ജനറൽ കൺവീനറായി അടിമാലി എസ്എന്‍ഡിപി വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എംഎസ് അജി എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം കമ്മറ്റിക്കു കീഴില്‍ വിവിധ സബ് കമ്മറ്റികളും നിലവില്‍ വന്നു. ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യാപാര മേഖലകളിലെ പ്രമുഖരും അധ്യാപക അനധ്യാപക സംഘടനാ പ്രതിനിധികളും കലോല്‍സവ നടത്തിപ്പിന്റെ വിജയത്തിനായി പങ്കാളികളാകും.