കട്ടപ്പന ടൗണിൽ പരസ്യ ബോർഡ് റോഡിലേക്ക് ഒടിഞ്ഞുവീണു. വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കട്ടപ്പന ടൗണിൽ പരസ്യ ബോർഡ് ഒടിഞ്ഞുവീണ് അപകടം. ഇടുക്കി കവല ക്ഷേത്രത്തിന് സമീപമാണ് വൻ പരസ്യ ബോർഡ് നിലം പതിച്ചത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കട്ടപ്പന ടൗണിലും സമീപ മേഖലയിലും നിരവധി പരസ്യ ബോർഡുകളാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്.
ഉച്ചയ്ക്ക് ശേഷം ഉണ്ടാകുന്ന ശക്തമായ കാറ്റും മഴയും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഫുട്പാത്തുകളിൽ കൂടിപോലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഇതിൻ്റെ സുരക്ഷിതത്വം വേണ്ടത്ര ഗൗരവമായി എടുക്കുകയോ മുൻകരുതൽ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.