ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കും : ജില്ലാ കളക്ടർ
ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 ന് ജില്ലയിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് കളക്ടർ ഷീബാ ജോർജ്ജ് അറിയിച്ചു. വാഴത്തോപ്പ് സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 8 ന് കളക്ടർ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ശിശുദിന സ്റ്റാമ്പ് പ്രകാശനം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ശിശുദിന റാലി ഉദ്‌ഘാടനം ചെയ്യും. തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി നയിക്കുന്ന റാലിയിൽ ബാൻഡ് വാദ്യം , നിശ്ചല ദൃശ്യങ്ങൾ എന്നിവ ഉണ്ടാകും.
പൈനാവ് സർക്കാർ യു പി സ്‌കൂൾ, വാഴത്തോപ്പ് ഹൈസ്‌കൂൾ, വാഴത്തോപ്പ് വി എച്ച് എസ് എസ് , കേന്ദ്രീയ വിദ്യാലയം, പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മണിയാറൻകുടി സർക്കാർ സ്‌കൂൾ ,ഗിരിജ്യോതി പബ്ലിക് സ്‌കൂൾ , വാഴത്തോപ്പ് സെന്റ് ജോർജ്ജ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കും . തുടർന്ന് ചെറുതോണി ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ഇടുക്കി ന്യൂമാൻസ് എൽ പി സ്‌കൂളിലെ ഹന്നാ തോമസ് ഉദ്‌ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കർ ആയി തെരെഞ്ഞെടുക്കപ്പെട്ട പുളിയന്മല കാർമ്മൽ പബ്ലിക് സ്‌കൂളിലെ ജൊഹാൽ ജയ്സൺ ജോൺ അധ്യക്ഷത വഹിക്കും.
ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ നിന്നാണ് കുട്ടികളുടെ പ്രധാനമന്ത്രിയെയും സ്പീക്കറെയും തെരെഞ്ഞെടുത്തത്. സമിതി നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണം പരിപാടിയിൽ നടക്കും. കൂടാതെ ജില്ലയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ശിശുദിനത്തിൽ ആദരിക്കുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് അറിയിച്ചു.
കളക്ടറേറ്റിൽ നടന്ന ജില്ലാ ശിശു ക്ഷേമസമിതിയുടെ ആലോചനാ യോഗത്തിൽ വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.