കമ്പംമെട്ടിൽ വഴിയരികിൽ നിന്ന ചന്ദനമരം മോഷ്ടാക്കൾ അപഹരിച്ചു
നെടുങ്കണ്ടം കമ്പംമെട്ടിൽ വഴിയരികിൽ നിന്ന ചന്ദനമരം മോഷ്ടാക്കൾ അപഹരിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന ചന്ദനമരമാണ് മോഷ്ടിച്ചത്.
കഴിഞ്ഞദിവസമാണ് മോഷണം നടന്നതെന്നാണ് വനം വകുപ്പ് അധികൃത വ്യക്തമാക്കുന്നത്. 28 സെൻറീമീറ്റർ വ്യാസമുള്ള ചന്ദനമരമാണ് മുറിച്ച് മാറ്റിയത്. ചന്ദനമരം അടുത്തുള്ള മരത്തിൽ കെട്ടി നിർത്തിയ ശേഷം ചുവട് വെട്ടി മാറ്റുകയായിരുന്നു. തുടർന്ന് കാതലുള്ള ഭാഗം മുറിച്ച് കടത്തി.
ബാക്കി ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുളിയന്മല സെക്ഷൻ ഓഫീസിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ നിന്നും ചന്ദനമോഷണം നടക്കുന്നത്. മറയൂർ,കാന്തല്ലൂർ മേഖലകൾ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും അധികം ചന്ദനമരങ്ങൾ ഉള്ളത് പട്ടം കോളനി മേഖലയിലാണ്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് ഭൂരിഭാഗം ചന്ദന മരങ്ങളും നിൽക്കുന്നത്. ഇവ കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി മോഷ്ടിച്ചു കടത്തിയിരുന്നു.