ഭിന്നശേഷിക്കാർക്കായി അനുവദിച്ച സീറ്റ് സ്വകാര്യ ബസ് ജീവനക്കാരൻ അർഹതപ്പെട്ടയാൾക്ക് നൽകാത്തതിൽ പ്രതിഷേധം. നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്തു
കഴിഞ്ഞ ദിവസം തൊടുപുഴയിലാണ് സംഭവം നടന്നത്. തൊടുപുഴ മൂലമറ്റം റൂട്ടിൽ ഓടുന്ന ശക്തി ബസ്സിലെ ജീവനക്കാരൻ ഭിന്ന ശേഷിക്കാർക്കായി അനുവദിച്ച സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഈ സമയം തൊടുപുഴയിൽ നിന്നും ബസിൽ കയറിയ ഭിന്നശേഷിക്കാരനായ വയോധികൻ മറ്റ് സീറ്റുകൾ ഇല്ലാത്തതിനാൽ അവർക്ക് വേണ്ടി സംവരണം ചെയ്ത സീറ്റിലെ യാത്രക്കാരനോട് സീറ്റ് ആവശ്യപ്പെട്ടു.
എന്നാൽ ബസ് ജീവനക്കാരനായ ഇയാൾ എഴുന്നേറ്റ് മാറുവാൻ തയ്യാറായില്ല. യാത്രക്കാർ ഇത് പ്രശനം ആക്കുകയും കണ്ടക്ടറോട് പരാതി പറയുകയും ചെയ്‌തെങ്കിലും പ്രശ്ന പരിഹാരമായില്ല. തുടർന്ന് ബസിലെ യാത്രക്കാരിൽ ഒരാൾ സംഭവങ്ങൾ മൊബൈലിൽ പകർത്തുകയും എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ക്ക് പരാതി നൽകുകയുമായിരുന്നു.
പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുകയും ബസ് ഉടമയ്ക്ക് പിഴ ചുമത്തുകയും ചെയ്തു.
കണ്ടക്ടറോട് യാത്രക്കാർ പരാതി പറഞ്ഞെങ്കിലും കണ്ടക്ടറും ബസ് ജീവനക്കാരന്റെ ഒപ്പം കൂടുകയായിരുന്നു എന്ന് മറ്റ് യാത്രക്കാർ പറഞ്ഞു. സീറ്റ് കിട്ടാത്തതിനെ തുടർന്ന് വയോധികൻ തൊടുപുഴയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള മുട്ടം വരെ നിന്നാണ് യാത്ര ചെയ്തത്.