പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ. മദ്യപിച്ചിരുന്നതായി കണ്ടെത്തൽ
![പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ. മദ്യപിച്ചിരുന്നതായി കണ്ടെത്തൽ](https://openwindownews.com/uploads/images/202310/image_870x_65311711f20c9.jpg)
പൊന്‍കുന്നത്തു മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് കണ്ടെത്തല്‍. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തോടെ ഇളംകുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപത്തു വച്ച് പാട്രിക് ഓടിച്ചിരുന്ന ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന തിടനാട് മഞ്ഞാങ്കല്‍ തുണ്ടിയില്‍ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീപ്പ് ഡ്രൈവറായ പാട്രിക് മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒഎൻ.രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാട്രിക്കിനെതിരെ നരഹത്യക്കുറ്റം ചുമത്തി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കല്‍ അഭിജിത് (23), അരീപ്പറമ്പ് കുളത്തൂര്‍ അഭി (18) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്നവരാണ് ഈ അഞ്ചുപേരും. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കള്‍ ജോലിക്കു ശേഷം ഓട്ടോയില്‍ വീടുകളിലേക്കു മടങ്ങുകയായിരുന്നു.