മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, ഉറപ്പു നല്‍കിയിട്ടില്ലെന്നും നടപടി തുടരുമെന്നും ജില്ലാ കളക്ടർ
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചതിന് പിന്നാലെ നിര്‍ത്തിവെക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാകുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി. കയ്യേറ്റം ഒഴുപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിവി വര്‍ഗീസിന്‍റെ പ്രതികരണം.
ചിന്നക്കനാലിലെ കുടിയേറ്റം മൊഴിപ്പിക്കൽ കോടതി നിർദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നത് എന്ന് സി വി വർഗീസ് പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ നടപടികൾ സ്വീകരിക്കാവു എന്നതാണ് പാർട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. ചിന്നക്കനാലിൽ മറ്റൊരിടത്തും നടപടികളിലേക്ക് കടക്കില്ല എന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും
സി വി വർഗീസ് പറഞ്ഞു. സിവി വര്‍ഗീസിന്‍റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. ദൗത്യം നിർത്തും എന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടുക്കി കളക്ടർ ഷീബ ജോർജ് പറഞ്ഞു. കോടതി നിരീക്ഷണത്തിലുള്ള കാര്യമാണ്. അതിനാല്‍ തനിക്ക് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.