സി.പി.എം നടത്തുന്നത് അഴിമതി സന്ദേശ യാത്രയാണെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്
അടിയന്തിരമായി ചട്ടം 4 ഭേദഗതി ചെയ്തുകൊണ്ട് ഭൂ വിഷയത്തിലുള്ള ജനങ്ങളുടെ മുഴുവൻ ആശങ്കയും പരിഹരിച്ചതിന് ശേഷം മാത്രമേ രാഷ്ട്രീയ മുതലെടുപ്പ് യാത്രയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ഇറങ്ങാവൂ എന്നും എം പി പറഞ്ഞു.ജനങ്ങളെ കൊള്ളയടിക്കാനും അഴിമതിക്കും വേണ്ടി നടത്തിയ ഭൂനിയമ ഭേദഗതിയെ വെള്ളപൂശുന്നതിന് വേണ്ടി സി.പി.എം. ജില്ലാ സെക്രട്ടറി നയിക്കുന്നത് അഴിമതി സന്ദേശ യാത്രയാണ്.
ബിൽ പാസ്സായ ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും, തുടർന്ന് ഇടുക്കിയിൽ വന്ന് നടത്തിയ പ്രസ്താവനയിലും അറിയിച്ചത് അപേക്ഷാഫീസ്, ക്രമവത്കരണ ഫീസ്, സെസ്സ്, വാർഷിക സെസ്സ്, ഗ്രീൻ ടാക്സ്, എന്നിവ ഈടാക്കും എന്നാണ്. ഇത് സർക്കാർ ഭാഗത്തുനിന്നുള്ള വാഗ്ദാനലംഘനവും ജനദ്രോഹപരവുമായ നടപടിയുമാണ്. അതോടൊപ്പം സർക്കാർ 1964 ലെ ചട്ടം റദ്ദുചെയ്യുകയോ ചട്ടത്തിൽ കൂടുതലായി, ഇതര ആവശ്യങ്ങൾക്ക് എന്ന് കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഈ നിയമം നടപ്പിലാക്കിക്കൊണ്ട് നിർമ്മാണങ്ങൾക്ക് വലിയ തോതിൽ പിഴയും വർഷം തോറും സെസ്സും ഗ്രീൻ ടാക്സും ഏർപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതു ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയായിരിക്കും ഫലം. ഇതിനോട് യോജിക്കാനാവില്ല എന്നും എം.പി. പറഞ്ഞു.