വണ്ടൻമേട്ടിലെ വൈദ്യുത അപകടം: ആശ്രിതർക്ക് സർക്കാർ ജോലി നൽകണം- ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: പാടത്തെ വെള്ളത്തിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വണ്ടൻമേട്, പുറ്റടി ചെമ്പകശ്ശേരിയിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനീത് എന്നിവർ മരിക്കാനിടയായ ദാരുണ സംഭവം ഇടുക്കിയെയാകെ വേദനപ്പിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കെ.എസ്.ഇ.ബിയുടെ കടുത്ത അനാസ്ഥയും ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനവുമാണ് അപകട കാരണം.
കുടുംബത്തിലെ മൂന്ന് പുരുഷൻമ്മാരും ഒരേ സമയം മരണപ്പെട്ടതുമൂലം നിരാലംബരായ കുടുംബത്തോട് സഹാനുഭൂതിയും സ്നേഹവും പ്രകടമാക്കുവാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കുടുംബത്തിലെ അർഹയായ അനന്തരാവകാശിക്ക് സർക്കാർ ജോലി നൽകണമെന്നും ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയോടും, വൈദ്യുതിവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എം.പി മുഖ്യമന്ത്രിക്കും വൈദ്യുതിവകുപ്പ് മന്ത്രിക്കും കത്തയച്ചു.