വാത്തിക്കുടി,കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

Oct 11, 2023 - 10:12
 0
വാത്തിക്കുടി,കൊന്നത്തടി  ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍  നിര്‍വഹിച്ചു
This is the title of the web page
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്ത്  17 ലക്ഷം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു.  സംസ്ഥാനത്താകെയുള്ള 70.55 ലക്ഷം ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പാക്കുന്ന ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതികള്‍ക്കായി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 
ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ബൃഹത് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പദ്ധതിക്കായി കൊന്നത്തടി പഞ്ചായത്തില്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ 7 കുടുംബങ്ങള്‍ക്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗജന്യമായി കുടിവെള്ളം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജില്ല നേരിടുന്ന വലിയ പ്രതിസന്ധിയാണ് പട്ടയ ഭൂപ്രശ്നങ്ങള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ പട്ടയ-ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. നിയമ ഭേദഗതി ബില്‍ ഐക്യകണ്ഠമായാണ് നിയമസഭയില്‍ പാസായത്. നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം സാധ്യമായത്.  ഇതിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിര്‍മിതികളും ഔദ്യോഗികമായി ക്രമവത്കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനവും വാത്തിക്കുടിയിലെ യോഗത്തില്‍ മന്ത്രി നിര്‍വഹിച്ചു. നവംബര്‍ 10, 11 തീയതികളിലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി  മുഖ്യ പ്രഭാഷണം നടത്തി. 
ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പ്രവൃത്തികളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ വാത്തിക്കുടി പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. 111.66 കോടി രൂപയുടെ പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളില്‍ 237.3 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 5683 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കും.  പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇടുക്കി ഡാമില്‍ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം  ചെറുതോണിയില്‍ പുതിയതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി (ദശലക്ഷം ലിറ്റര്‍ ദിവസവും)  ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് മുരിക്കാശ്ശേരി, ഉദയഗിരി എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും വീടുകളിലേക്കെത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 
 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിബിച്ചന്‍ തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി ഷാജി, ബിജുമോന്‍ തോമസ്, സുനിത സജീവ്, വിജി ബിജില്‍, ജോസ്മി ജോര്‍ജ്, സുരേഷ് സുകുമാരന്‍, മിനി സിബിച്ചന്‍, ലൈല മണി, സനില വിജയന്‍, കെ എ അലിയാര്‍, സംസ്ഥാന വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, ഭൂജല അതോറിറ്റി അംഗം സെലിന്‍ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി, സംഘടന നേതാക്കളായ ജെയ്മോന്‍ ജേക്കബ്, ബേബി കാഞ്ഞിരാംകുന്നേല്‍, ഇ.എന്‍ ചന്ദ്രന്‍, സണ്ണി തെങ്ങുംപിളളില്‍, ജിമ്മി സെബാസ്റ്റ്യന്‍, വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ പി.കെ സലീം, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രദീപ് വി.കെ എന്നിവര്‍ സംസാരിച്ചു.
കൊന്നത്തടി ഗ്രാമപഞ്ചായത്ത്
പാറത്തോട്  സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. 
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഗാര്‍ഹിക കുടിവെള്ള  പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 146.86 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് 7863 വീടുകളില്‍  കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണ് ലക്ഷ്യം. പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, പൊന്മുടി ഡാമില്‍ ഫ്‌ളോട്ടിങ് പമ്പ് ഹൗസ് സ്ഥാപിക്കല്‍, ജല ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം, ജല സംഭരണികളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പൊന്‍മുടി ഡാമില്‍ ഫ്‌ളോട്ടിങ് പമ്പ് ഹൗസ് സ്ഥാപിച്ച് ജലം ശേഖരിച്ച് പൊന്‍മുടി-നാടുകാണിക്ക് സമീപം പുതുതായി നിര്‍മ്മിക്കുന്ന പ്രതിദിനം 22 ദശലക്ഷം ലിറ്റര്‍  ശേഷിയുള്ള ജലശുദ്ധീകരണശാലയിലെത്തിക്കും. തുടര്‍ന്ന് ജലം ശുദ്ധീകരിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന 15 ജല സംഭരണികളില്‍ എത്തിക്കും. അവിടെ നിന്ന് 198 കിലോമീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് 7863 കുടിവെള്ള കണക്ഷനുകള്‍ നല്‍കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, അടിമാലി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, സി.കെ പ്രസാദ്, മേരി ജോര്‍ജ്, അനീഷ് ബാലന്‍,  അച്ചാമ്മ ജോയി, മേഴ്‌സി ജോസ്, ബിന്ദു സാന്റി, റെജിമോന്‍, പി.കെ ഉണ്ണികൃഷ്ണന്‍, വാട്ടര്‍ അതോരിറ്റി സംസ്ഥാന ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, എന്‍.വി ബേബി, ഷാജി കൊച്ചുപുര, പാറത്തോട് സെന്റ് ജോര്‍ജ് പള്ളി  വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, മധ്യമേഖല കേരള വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി കെ സലിം, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രദീപ് വി.കെ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow