ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു
ചിന്നക്കനാലില്‍ കോണ്‍ഗ്രസ് ആറ്, സിപിഐ നാല്, സിപിഎം രണ്ട്, സിപിഎം സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷി നില. ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിലെ ഭിന്നതമൂലം ഭരണം കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. 12-ാം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ, സിപിഎം പിന്തുണയുള്ള സ്വതന്ത്ര പരാജയപെടുത്തിയതാണ് തര്‍ക്കത്തിന് കാരണം. 16 കള്ളവോട്ടുകള്‍ ഇവിടെ ചെയ്യപ്പെട്ടതായി സിപിഐ ആരോപിച്ചിരുന്നു. ഇതോടെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് സിപിഎം, സിപിഐ അംഗങ്ങള്‍ വിട്ട് നില്‍ക്കുകയും ഭരണം കോണ്‍ഗ്രസില്‍ എത്തുകയുമായിരുന്നു. പിന്നീട് 2021 ഡിസംബറില്‍ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും അന്നും ചില അംഗങ്ങള്‍ വിട്ട് നിന്നതിനാല്‍ അവിശ്വാസം പാസായില്ല.
നിലവില്‍ തര്‍ക്കം LDF ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിച്ചതോടെയാണ്, ഭരണം എല്‍ഡിഎഫിലേയ്ക്ക് എത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ അംഗം എന്‍ എം ശ്രീകുമാറിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. സിപിഎം സ്വതന്ത്ര ജയന്തി രവി, വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.