നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ നിന്നും പതിവായി ഏലക്ക മോഷ്ടിച്ചിരുന്ന യുവാക്കള്‍ പിടിയില്‍
നെടുങ്കണ്ടം ആദിയാര്‍പുരം സ്വദേശികളായ മഠത്തിനാല്‍ ആഷ്ലി, പുതുപ്പറമ്പില്‍ അഭിജിത്, കോരണ്ടിചേരില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.
പാമ്പാടുംപാറ സ്വദേശി വിന്‍സന്റിന്റെ തോട്ടത്തില്‍ നിന്നുമാണ് പ്രതികള്‍ ഏലക്ക മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം യുവാക്കള്‍ മോഷണം നടത്തുന്നത് ഉടമസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു .ഇതോടെ യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിയ്ക്കുകയും ഉടമസ്ഥര്‍ ഇവരെ തടയുകയും ചെയ്തു.
ഇതിനിടെ വിന്‍സന്റിന്റെ പിതാവിന്റെ കൈവശം ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ആഷ്ലിയുടെ കൈയില്‍ മുറിവേറ്റു. പിതാവിനെ തള്ളിയിട്ട് ആഷ്ലി ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആഷ്ലിയെയും പാമ്പാടുംപാറയില്‍ നിന്നും വിഷ്ണുവിനെയും അഭിജിത്തിനെയും പിടികൂടുകയായിരുന്നു.