ഭൂമി പ്രശ്നങ്ങൾക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : 2021 മുതൽ നൽകിയത് 6458 പട്ടയങ്ങൾ , 3000 പട്ടയങ്ങളുടെ വിതരണം ഉടൻ
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് .2021 ൽ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ചട്ടങ്ങള്‍ പ്രകാരം 6458 പട്ടയങ്ങള്‍ വിതരണം ചെയ്യാൻ കഴിഞ്ഞു. മാത്രമല്ല 3000 പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യുന്നതിന് സർക്കാർ തയ്യാറാവുകയാണ്.
പൊന്‍മുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കൈവശക്കാരുടെ ഭൂമി സര്‍വ്വേ പൂര്‍ത്തീകരിച്ചു. പതിവ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. കട്ടപ്പന ടൗണ്‍ ഷിപ്പില്‍ ഉള്‍പ്പെട്ടുകിടക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനു് പ്രത്യേക സര്‍വ്വേ ടീമിനെ ജില്ലാഭരണകൂടം നിയോഗിച്ചിട്ടുണ്ട് . ഒക്ടോബർ ആദ്യ വരം സര്‍വ്വേ നടപടികള്‍ ആരംഭിക്കും.
കാന്തിപ്പാറ വില്ലേജില്‍ പട്ടയനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത സര്‍വ്വേ ചെയ്ത് സര്‍വ്വേ റിക്കാര്‍ഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് . അതിൽ പട്ടയ നടപടികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് നിർദേശം നല്കയിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ കോളനികളായ ഉടുംമ്പന്‍ചോല താലൂക്കിലെ ആടുവിളുന്താന്‍ കുടി ,കോമാളികുടി ഇടുക്കി താലൂക്കിലെ ചേമ്പളം പട്ടിക വര്‍ഗ്ഗ സെറ്റില്‍ മെന്റ് എന്നിവിടങ്ങളില്‍ പട്ടയം അനുവദിക്കുന്നതിന് വ്യക്തിഗതസര്‍വ്വേ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വ്വേ ടീമിനെ നിയോഗിക്കുകയും ഈ മാസം (ഒക്ടോബർ )ആദ്യവാരം പ്രവൃത്തി ആരംഭിക്കുകയും ചെയ്യും.
ഇടുക്കി ഡാമിന്‍െറ 3 ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി,ചെങ്കുളം ഡാമുകളുടെ 10 ചെയിന്‍ പ്രദേശം, എന്നിവിടങ്ങളിലെ കെെെവശക്കാരുടെ പട്ടയ വിഷയം വ്യക്തമായ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് .ഇത് സംബന്ധിച്ച് സെക്രട്ടറി തലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് റവന്യൂ ,വൈദ്യുതി ,ജല വിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം നിർദേശം നൽകിയിരിക്കുകയാണ്. ഓരോ ഡാം ഏരിയായും തിരിച്ച് ലാന്‍ഡ് പൊസിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് . ഇ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട് .ഇരട്ടയാര്‍ ഡാമിന്‍െറ 10 ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് പട്ടയം അനുവദിക്കുന്ന വിഷയം വ്യക്തമായ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി .പട്ടിക വര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ വനാവകാശ രേഖ നല്കുന്നതിനും ഓരോ കുടികളും പ്രത്യേകമായി തന്നെ പരിശോധിച്ച് കുടി നിവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും വലിയ പ്രാധാന്യം ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. ഇടമലക്കുടി നിവാസികള്‍ക്ക് വനാവകാശ രേഖ അനുവദിക്കുന്നതിന് പ്രദേശത്തെ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുത്തി 38 വനാവകാശരേഖകള്‍ വിതരണത്തിന് തയ്യാറാവുകയാണ് കൂടാതെ മറയൂര്‍ വില്ലേജിലെ ഒള്ളവയല്‍ , മാങ്ങാപ്പാറ ,എന്നീ കുടികളിലെ 102 പേര്‍ക്ക് വനാവകാശരേഖ നല്കുന്നതിനു് സര്‍വ്വേ ടീമിനെ നിയോഗിച്ചിട്ടുണ്ട് . ഉടൻ നടപടി ഉണ്ടാകും
വ്യാജ പട്ടയം , മറ്റ് ക്രമക്കേടുകള്‍ എന്നിവ മൂലം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന നടന്നിട്ടുള്ളതിനാല്‍ പതിവ് നടപടികള്‍ തടസ്സപ്പെട്ട് കിടന്ന പീരുമേട് താലൂക്കിലെ വാഗമണ്‍, ഏലപ്പാറ എന്നീ വില്ലേജുകളിലെ പട്ടയ നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍ നോട്ടത്തില്‍ പുനരാംഭിച്ചിട്ടുണ്ട് . ഈ വില്ലേജുകളില്‍ മാത്രം 500 പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയാവുകയാണ്.
സമാന സാഹചര്യമുള്ള ചിന്നക്കനാല്‍ വില്ലേജിലെ 4000 ത്തോളം അപേക്ഷകളില്‍ പരിശോധന നടത്തുന്നതിനും അര്‍ഹരായ എല്ലാ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കുന്നതിനും ജില്ലാഭരണകൂടം തയ്യാറെടുക്കുകയാണ് .കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസിനു കീഴിലുള്ള പ്രദേശങ്ങളിലും ഇടക്കി താലൂക്കിലെ ഇടുക്കി ,കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലും പട്ടയം അനുവദിക്കുന്നതിന് വനം വകുപ്പ് നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സാങ്കേതിക തടസ്സങ്ങളില്ലാതെ പട്ടയം അനുവദിക്കുന്നതിന് ഭേദഗതി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പട്ടയം നല്കുന്നതിന് 2000 ഫയലുകളില്‍ നടപടി പൂര്‍ത്തീകരിച്ചു . സര്‍വ്വേ നടപടികള്‍ പരമാവധി വേഗത്തിലാക്കുന്നതിന് കൂടുതൽ സര്‍വ്വേ ടീമുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട് .
ഇടുക്കി കഞ്ഞിക്കുഴി വില്ലേജിലെ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പട്ടയം അനുവദിക്കുന്നതിന് 410 അപേക്ഷകളില്‍ പ്രത്യേക പ്രാധാന്യം നല്കി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് .കുറ്റ്യാര്‍ വാലി പ്രദേശത്തെ ഭൂമി പ്രശ്നം, 2008-09 കാലഘട്ടത്തില്‍ ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജില്‍ കുറ്റ്യാര്‍ വാലിയില്‍ ഭൂരഹിതരായ 2300പേര്‍ക്ക് പട്ടയം നല്‍കുന്ന വിഷയംഎന്നിവ ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു.തുടർന്ന് നിശ്ചിത സമയ പരിധിക്കുള്ളില്‍ തറ വില അടക്കുന്നതിന് സാധിക്കാത്ത350 അപേക്ഷകര്‍ക്ക് കാലതാമസം ഒഴിവാക്കി കാലാവധി നീട്ടി സർക്കാർ ഉത്തരവായിട്ടുണ്ട് . ( 14.09.2023 ജി.ഓ (ആര്‍ റ്റി ) നം .3301/23/ആര്‍.ഡി ) . തുടന്നും അനുവദിക്കുവാനുള്ള പ്ലോട്ടുകള്‍ തിട്ടപ്പെടുത്തുന്നതിന് ദേവികുളം സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ ടിമിനെ നിയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട് . 350 അപേക്ഷകര്‍ക്ക് അടിയന്തിരമായി പട്ടയം അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉടൻ പൂർത്തിയാകും . 264 പുതിയ അപേക്ഷകള്‍ ലഭിച്ചതില്‍ 65 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട് . 60 അപേക്ഷകളിൽ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും 139 കേസുകളില്‍ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയുമാണ്.
ദേവികുളം താലൂക്കില്‍ ഇനിയും ശേഷിക്കുന്ന പതിവ് അപേക്ഷകള്‍ അടിയന്തിര പ്രാധാന്യത്തോടെ തീര്‍പ്പാക്കുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെ മേല്‍ നോട്ടത്തില്‍ താലൂക്കിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട് . ഇടുക്കി ജില്ലയിലെ എല്ലാ ഭൂമി പ്രശ്നങ്ങളിലും നിയമ പ്രശ്നങ്ങളിലും ജനതയുടെ പൊതുതാത്പര്യം മുൻനിർത്തിയാണ് സർക്കാരിന് മുന്നിൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതെന്നും ജില്ലാകളക്ടർ അറിയിച്ചു.