ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും പൂച്ചയും ദുസ്വപ്നം കാണണ്ടെന്ന് മന്ത്രി കെ രാജൻ
ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും പൂച്ചയും ദുസ്വപ്നം കാണണ്ടെന്ന് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുമായി ആലോചിച്ച് എടുത്ത നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. എംഎം മണിക്ക് മറുപടിയായിട്ടായിരുന്നു മന്ത്രി കെ രാജൻ വാക്കുകൾ. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഉള്ള ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എം.എം മണി എംഎല്‍എ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കുമെന്നായിരുന്നു എംഎം മണി പറഞ്ഞത്. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ല. കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ.
ദൗത്യസംഘം നിയമപരമായി കാര്യങ്ങൾ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചുവരുന്നവർക്ക് എതിരെ സർക്കാർ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു.
അതിനിടെ, ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി. അനധികൃതക കയ്യേറ്റങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തിൽ സംഘം പ്രവര്‍ത്തിക്കും.