ഗോള്‍ഡന്‍ കാന്തല്ലൂര്‍ കേരളത്തിന്റെ അഭിമാനം
വിനോദസഞ്ചാരികളുടെ മനം കവർന്ന കാന്തല്ലൂരിന് ഇനി ഗോള്‍ഡന്‍ കാലം. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ നേട്ടം കാന്തല്ലൂരിനെ തേടിയെത്തുമ്പോള്‍ ഈ മണ്ണിലുള്ളത് ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്. തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ നിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശര്‍ക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടി കാന്തല്ലൂരിലെത്താം.
അവിടെ ശീതകാല പച്ചക്കറിയും പഴങ്ങൾക്കുമൊപ്പം സാംസ്‌കാരിക ചരിത്രത്തിന്റെ പ്രൗഢ കാഴ്ചകൾ നിങ്ങളെ വരവേൽക്കും . ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ മനസിലേറ്റിയ ഒരു നാടും അവിടുത്തെ കർഷകരുമാണ് കാന്തല്ലൂരിന്റെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ആസൂത്രണവും കേന്ദ്ര സര്‍ക്കാർ നടത്തിയ മികച്ച ടൂറിസം വില്ലേജ് മത്സരത്തില്‍ കാന്തല്ലൂരിലെ മുൻപന്തിയിലെത്തിച്ചു .
പഴങ്ങളുടെയും പച്ചക്കറികളുടെയും നാട്:
കാന്തല്ലൂരിലെ അഞ്ച് തെരുവുകൾ
ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പും നിറഞ്ഞ കാന്തല്ലൂരിലെ അഞ്ച് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയല്‍ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത്.
ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും കാന്തല്ലൂരില്‍ കൃഷി ചെയ്യുന്നു. കാന്തല്ലൂരിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ പ്രദേശങ്ങള്‍ പൊതുവെ തണുപ്പ് കൂടിയ പ്രദേശങ്ങളാണ്. സ്‌ട്രോബറി കൃഷി കൂടുതലായി നടക്കുന്ന പെരുമല ഒരു സ്ട്രീറ്റും കീഴാന്തൂരും പുത്തൂരം പച്ചക്കറികളുടെ സ്ട്രീറ്റായും ഗുഹനാഥപുരം പൂക്കളുടെയും കുളച്ചുവയലിനെ പഴങ്ങളുടെ സ്ട്രീറ്റായിട്ടുമാണ് തിരിച്ചിരിക്കുന്നത്.