വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധ, 5 പേരെ ആശുപത്രിയിൽ പ്രവേശിച്ചു
വണ്ടിപ്പെരിയാർ കീരിക്കര സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്കും കറുപ്പ് പാലം സ്വദേശികളായ രണ്ടുപേർക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ ടൗൺ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽ നിന്നും ഞായറാഴ്ച വാങ്ങിയ മത്സ്യം പാചകം ചെയ്ത് കഴിച്ചതിന് ശേഷമാണ് കീരിക്കര സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഇതോടൊപ്പം വണ്ടി പെരിയാറിലെ ഒരു വ്യാപാരസ്ഥാപനത്തിൽ നിന്നും കേക്ക് വാങ്ങി ഭക്ഷിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റതോടെയാണ് കറുപ്പു പാലം സ്വദേശികളായ രണ്ടു പേരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചിക്കിൽസയിൽ പ്രവേശിപ്പിച്ചത്.
കേക്കിന്റെ ബാക്കി ഭാഗം പരിശോധിച്ചപ്പോൾ ഫംഗസ് ഉള്ളതായി ശ്രദ്ധയിൽ പെടുകയും, വാങ്ങിയ വ്യാപാര സ്ഥാപനത്തിൽ തിരികെ ഏൽപ്പിച്ചപ്പോൾ വില തിരികെ നൽകി അയയ്ക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ വണ്ടിപ്പെരിയാർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കറുപ്പു പാലം സ്വദേശികളായ സോണിയ. ലത എന്നിവർ പരാതിയും നൽകി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങളുടെ വിൽപ്പന ഇപ്പോഴും തകൃതിയായി തന്നെ തുടരുകയാണെന്നും പരാതി ഉയരുന്നു.