വാഗമണ്ണിൽ അഞ്ചേക്കറോളം സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു
വാഗമൺ വില്ലേജിൽ ഉൾപ്പെട്ടെ മൊട്ടക്കുന്ന് -കൊച്ചു കരിന്തിരി റോഡിൽ എല്ല് പൊടി ഫാക്ടറി ഭാഗത്താണ് റവന്യൂ ഭൂമി അഞ്ചേക്കറോളം സ്വകാര്യ ഭൂമാഫിയ കൈയ്യേറിയത്. ഒരാഴ്ചയോളമായി മേഖലയിൽ വേലി കെട്ടി തിരിക്കുന്ന പ്രവൃത്തികൾ നടന്നുവരികയായിരുന്നു. ഈ ഭൂമിയിൽ കാറ്റാടി അടക്കമുള്ള മര തൈകളും കയ്യേറ്റക്കാർ വെച്ചു പിടിപ്പിച്ചു. കൈയ്യേറ്റ വിവരം ശ്രദ്ധയിൽ പെട്ടതോടെ സമീപ വാസികൾ പ്രതിഷേധവുമായി രംഗത്ത് വരികയും റവന്യൂ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
ഗ്ലാസ് ബ്രിഡ്ജ് അടക്കമുള്ള വിനോദ ഉപാദികൾ വാഗമണ്ണിൽ എത്തിയതോടെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മേഖലയുടെ ടൂറിസം വികസനം മുന്നിൽ കണ്ടാണ് കൈയ്യേറ്റ മാഫിയാ പിടിമുറുക്കുന്നത് എന്നും നാട്ടുകാർ പറഞ്ഞു.കൈവശരേഖ അടക്കം തങ്ങളുടെ കൈയ്യിലുണ്ടന്ന വാദം ഉയർത്തിയാണ് കൈയ്യേറ്റക്കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണികൾ നടത്തിവന്നിരുന്നത്.
വിവരം ശ്രദ്ധയിൽ പെട്ടതോടെ നടപടിയുമായി പീരുമേട് താലൂക്ക് റവന്യൂ വിഭാഗം രംഗത്ത് വരുകയായിരുന്നു. പീരുമേട് റവന്യൂ വകുപ്പ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൈയ്യേറ്റമെന്ന് ബോധ്യപ്പെട്ടതോടെ കൈയ്യേറിയ സ്ഥലം ഒഴിപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഈ ഭൂമിയിൽ സർക്കാർ വക സ്ഥലം എന്ന് രേഖപ്പെടുത്തിയ ബോർഡും സ്ഥപിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.