തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ
വണ്ടൻമേട് ഹേമക്കടവ് സ്വദേശി ഡിജോ ജെയിംസിന്റെ പക്കൽ നിന്നും കഴിഞ്ഞ ദിവസം ഒരു കിലോ 980 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തത്.
വണ്ടൻമേട് ശിവൻകോളനി സരസ്വതി വിലാസം രാമയ്യയുടെ മകൻ രാംകുമാർ,പുറ്റടി ഫാക്ടറിപ്പടി വാൽപറമ്പിൽ അതുൽ ബാബു എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പിടികൂടിയ പ്രതിക്കൊപ്പം തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതിൽ ഇവരും പങ്കാളികളാണ്. ഇതിൽ രാംകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പോലീസിന് 250 ഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കാൻ കഴിഞ്ഞത്. ഇതിൽ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ഇതിനുമുമ്പ് പലതവണയായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചില്ലറ വില്പന നടത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ട് പരിശോധനയുടെ ഭാഗമായി ആണ് പ്രതികൾ പിടിയിലായത്. ഡീ ഹണ്ട് പരിശോധനയിൽ ജില്ലയിൽ ഏറ്റവും അധികം കഞ്ചാവ് കണ്ടെടുത്തത് വണ്ടൻമേട് സ്റ്റേഷൻ പരിധിയിലാണ്.