കട്ടപ്പന നഗരത്തിൽ മോഷണ പരമ്പര;രണ്ടു ദിവസത്തിനിടെ മൂന്നു സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നു
കട്ടപ്പന നഗരത്തിൽ രണ്ടു ദിവസത്തിനിടെ മൂന്നു സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നു. ബസ് യാത്രയ്ക്കിടെയായിരുന്നു എല്ലാ മോഷണങ്ങളും. നാലര പവന്റെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഴ്‌സാണ് ഉപ്പുതറ സ്വദേശിനിയായ യാത്രക്കാരിയുടെ പക്കൽ നിന്ന് മോഷണം പോയത്. ബുധനാഴ്ച വൈകിട്ട് കട്ടപ്പനയിൽ നിന്ന് ഉപ്പുതറയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു മോഷണം. രണ്ടു മാലകളും ഒരു മോതിരവും കൈചെയിനുമാണ് നഷ്ടമായത്. 21ന് വെള്ളയാംകുടിയിൽ നിന്ന് കട്ടപ്പനയിലേക്ക് ബസിൽ പുറപ്പെട്ട സ്ത്രീ കഴുത്തിൽ ധരിച്ചിരുന്ന രണ്ടര പവന്റെ മാല നഷ്ടമായി.
സ്‌കൂൾക്കവലയിൽ നിന്ന് ബസിൽ കയറിയ മറ്റൊരു യുവതിയുടെ കഴുത്തിൽ നിന്ന് ഒന്നര പവന്റെ ആഭരണവും കാണാതായി. കഞ്ഞിക്കുഴി സ്വദേശിനിയുടെ പക്കൽ നിന്ന് പണവും ഫോണും അടങ്ങിയ പഴ്‌സും നഷ്ടപ്പെട്ടു. മറ്റൊരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടതായി ബസിൽവച്ച് മനസിലാക്കുകയും അന്വേഷണം നടത്തുന്നതിനിടെ വീണുകിട്ടിയതെന്ന് വ്യക്തമാക്കി ഒരു സ്ത്രീ എടുത്തു നൽകുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി മോഷണം നടന്നെന്ന് വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. 4 സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.