വണ്ടിപ്പെരിയാർ സത്രത്തിൽ ഹെലികോപ്റ്റർ ഇറങ്ങി. രക്ഷാപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുമോ എന്ന് പരിശോധന
വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ വ്യോമസേന ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നപക്ഷം രക്ഷാപ്രവർത്തനങ്ങൾക്ക് സത്രം എയർസ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം എൻസിസിക്കും സർക്കാരിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാധ്യതകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്.
കോയമ്പത്തൂർ കുളൂരുവിൽ നിന്നുമാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ ഹെലികോപ്റ്റർ 11 മണിയോടെ സത്രം എയർ സ്ട്രിപ്പിൽ എത്തി. ഒരുതവണ വലം വെച്ചതിനുശേഷം ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. നാല് അംഗങ്ങളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിവേഗം എൻഡിആർഎഫ് സംഘങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിന് പ്രയോജനം ചെയ്യും.