കാട്ടാന ശല്യത്തിൽ വലഞ്ഞ് ഉപ്പുതറ മുത്തംപടിയിലെ കർഷകർ
ഉപ്പുതറ പാലക്കാവ് മുത്തംപടിയിലെ കർഷകരാണ് കാട്ടാന ശല്യത്തിൽ വലയുന്നത്. കാട്ടു മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് നിർമ്മിച്ച വൈദ്യുത വേലികൾ തകരാറിലായതോടെയാണ് വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. വ്യാപക നാശനഷ്ടമാണ് കാട്ടാന ശല്യത്തിൽ ഉണ്ടാകുന്നത്. വാഴ, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികൾ ഇവ നശിപ്പിക്കുന്നു. കൂടാതെ കൃഷിയിടത്തിൽ നിൽക്കുന്ന കൂറ്റൻ പന , ഇല്ലി എന്നിവ മറിച്ചിടുന്നത് മൂലവും ആയിരക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കർഷകർക്ക് ഉണ്ടാവുന്നത് .
കഴിഞ്ഞ രാത്രിയിൽ ഷാജി വട്ടപ്പറമ്പിൽ, തങ്കച്ചൻ ചൊറിക്കാവിൽ , രാജു കല്ലാനി എന്നീ കർഷകരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്.
രാത്രികാലങ്ങളിൽ കാടുവിട്ടിറങ്ങുന്ന കാട്ടാനകൾ മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നു.ഏലം,കുരുമുളക്,കാപ്പി, വാഴ തുടങ്ങിയ കൃഷികളാണ് മേഖലയിൽ ഉള്ളത്. പനയും മറ്റും മറച്ചിട്ട്,കൃഷി നശിപ്പിക്കുന്നതിനൊപ്പം കാട്ടാന കൃഷിയിടത്തിൽ തമ്പടിക്കുന്നതും വ്യാപക കൃഷിനാശത്തിന് കാരണമാകുന്നു.
ഫെൻസിങ് സംവിധാനം വനാതിർത്തിയിൽ ഉണ്ടെങ്കിലും വൈദ്യുതി കടത്തിവിടാത്തതിനാൽ ഇവ ഫലപ്രദമല്ല. കൃഷിനാശം ഉണ്ടായെന്ന് വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല എന്നും കൃഷിക്കാർ പറയുന്നു. വന്യ മൃഗ ശല്യം നേരിടുന്ന കർഷകർ കൃഷി നാശത്തിന് ആനുപാതികമായി നഷ്ട പരിഹാരം നൽകുകയും തകർന്ന് കിടക്കുന്ന വൈദ്യുത വേലികൾ ഉടൻ പുനർ നിർമ്മിക്കുകയും വേണമെന്നാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം.